
തൃശ്ശൂർ: തൃശ്ശൂർ കേരളവർമ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെ റീ കൗണ്ടിങ് നടത്തി തോൽപിച്ചെന്നാരോപിച്ച് കെഎസ്‍യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്‍യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് വൈകിട്ട് 7 മുതൽ തൃശ്ശൂർ കോർപ്പറേഷന് ഓഫീസിന് സമീപം നിരാഹാര സമരം തുടങ്ങുമെന്നാണ് കെഎസ്‍യു അറിയിച്ചിരിക്കുന്നത്.
നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരോട്ടിന് വിജയിച്ചു. എസ്എഫ്ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്‍റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു. റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ഒന്നാമത്തെ ആരോപണം. പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനന്‍റെ നിർദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുൻ അധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്‍യു ആവശ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു. അതേസമയം, ആരോപണം മന്ത്രി ബിന്ദുവും ഡോ. സുദര്‍ശനനും നിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam