
കണ്ണൂര്‍: കേരളീയം സ്പോൺസർഷിപ്പ് വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സ്പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. സ്പോൺസർഷിപ്പ് കാര്യങ്ങളെല്ലാം നടന്നത് തന്റെ അറിവോടെയാണ്. പരാതി ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും മന്ത്രി വെല്ലുവിളിച്ചു.
കേരളീയത്തിന്റെ സ്പോൺസർഷിപ്പ് പിരിവിനായി ജിഎസ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് വിവാദത്തിലായത്. സ്പോൺസർഷിപ്പ് കമ്മിറ്റി കൺവീനറായി ജിഎസ്ടി അഡീഷനൽ കമ്മീഷണറെ സമാപനചടങ്ങിൽ ആദരിച്ചിരുന്നു. നികുതി പിരിക്കുന്നയാളെ സംഭാവന പിരിക്കുന്നയാളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജിഎസ്‍ടി ഉദ്യോഗസ്ഥർ വഴി ക്വാറികളിൽ നിന്നും ബാർ ഉടമകളിൽ നിന്നും ജ്വല്ലറി ഉടമകളിൽ നിന്നുമൊക്കെ പണം പിരിച്ചെന്നാണ് ഉയരുന്ന ആരോപണം. ഇതിനായി ഒക്ടോബർ മാസം പലയിടങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടുപിടിച്ച്, അത് വച്ച് വിലപേശൽ നടത്തിയെന്നും പരിശോധനകളിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വാക്ക് നൽകിയെന്നും ആക്ഷേപമുണ്ട്. എത്ര സ്പോൺസർമാരെ കണ്ടെത്തിയെന്നോ, എത്ര രൂപ ഓരോ വകുപ്പും പിരിച്ചെന്നോ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam