മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയർക്ക് അതിർത്തി കടക്കാൻ കടമ്പകളേറെ

By Web TeamFirst Published May 5, 2020, 6:44 AM IST
Highlights

സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന കേരളീയർക്ക് അതിർത്തി കടക്കാൻ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താൻ കടമ്പകൾ അനവധിയാണ്. തിരികെ വരുന്നവരെ വിളിക്കാനായുളള സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

തമിഴ്നാട്ടിൽ നിന്ന് കേരള അതിർത്തിയായ കളിയിക്കാവിളയിൽ എത്തിയ ഇടുക്കി സ്വദേശി ക്രിസ്റ്റിക്ക് വീട്ടിലേക്ക് പോകാനുളള വാഹനത്തിന് ഇടുക്കിയിൽ നിന്നും തിരുവനന്തപുരം വരെ യാത്രാനുമതി കിട്ടിയില്ല. ഇതോടെ ഈ വിദ്യാർത്ഥി ദുരിതത്തിലായി. ആഴ്ചകൾ നീണ്ട ലോക്ക് ഡൗണിൽ അന്യദേശത്ത് കുടുങ്ങിപ്പോയവർ ഏറെ പണിപ്പെട്ടാണ് അതിർത്തി വരെ എത്തുന്നത്. 

വാഹനമെത്താതെ കുടുങ്ങിപ്പോയവരെ തൽക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതിർത്തി കടക്കാൻ ടാക്സി സൗകര്യങ്ങൾ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോർക്ക വഴി തിരിച്ചെത്താൻ അപേക്ഷ നൽകിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കൂടുതൽ. 

കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതൽ പേർ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോർക്കയിൽ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സർക്കാർ തയ്യാറാക്കും. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാർഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്.

click me!