ബീഫ് മാത്രമല്ല ഒഴിവാക്കിയത്: വിവാദത്തിൽ പ്രതികരിച്ച് എഡിജിപി ബി സന്ധ്യ

By Web TeamFirst Published Feb 17, 2020, 4:05 PM IST
Highlights

കേരളത്തിലെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി തൃശ്ശൂർ പൊലീസ് അക്കാദമിയിൽ ചേർന്നത്. ഇവർക്കായി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്

തിരുവനന്തപുരം: ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ കേരള പൊലീസ് അക്കാദമിയുടെ നടപടി വൻ വിവാദമായിരിക്കെ സംഭവം മാധ്യമസൃഷ്ടി മാത്രമാണെന്ന വിശദീകരണവുമായി എഡിജിപി ബി സന്ധ്യ. ബീഫ് മാത്രമല്ല, മട്ടനും മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. ഇത് ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണെന്നും അവർ വ്യക്തമാക്കി. കേരള പൊലീസ് അക്കാദമിയിൽ നിന്ന് വെടിയുണ്ടകൾ കാണാതായിട്ടില്ലെന്ന് സന്ധ്യ പറഞ്ഞു. 

കേരളത്തിലെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി തൃശ്ശൂർ പൊലീസ് അക്കാദമിയിൽ ചേർന്നത്. ഇവർക്കായി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയത് വിവാദമാവുകയായിരുന്നു. മുൻ വർഷങ്ങളിൽ ബീഫും മെസ്സിൽ നിന്നും പരിശീലനം നടത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്നതായി പൊലീസുകാർ പറയുന്നു.

ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി. എന്നാൽ, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിംഗ് എഡിജിപി ബി.സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാൻറീനുകളില്‍ നൽകിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. പക്ഷെ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാർ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്.  അതേ സമയം ഓരോ ട്രെയിനിയും ഭക്ഷത്തിനായി നൽകേണ്ട തുക വർദ്ധിപ്പിച്ചിട്ടുണ്ട്. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടയിരുന്നത്. അത് 6000 രൂപയായാണ് വർദ്ധിപ്പിച്ചത്.

click me!