
കോട്ടയം: കെവിൻ വധം ദുരഭിമാനക്കൊലയായതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെറിയ പ്രായവും ജീവിത പശ്ചാത്തലവും കണക്കിലെടുത്ത് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
കേസിൽ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതൊരു അപൂർവ്വങ്ങളിൽ അപൂർവമായ കേസായി കണകാക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ തന്നെ പരമാവധി 25 വർഷം വരെ തടവ് ശിക്ഷ വിധിക്കാൻ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണം. പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. കെവിൽ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം വക്കീൽ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചു.
പ്രതികളിൽ പലരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നൽകണമെന്ന് പ്രതിഭാഗം കോടതിയിൽ ആദ്യം തന്നെ ഉന്നയിച്ചിരുന്നു. പല പ്രതികളും ഈ സമയത്ത് പൊട്ടിക്കരയുകയായിരുന്നു. ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വാദം നടത്തുന്നതിനിടെ അഭിഭാഷകനടക്കം വികാരഭരിതനായ സാഹചര്യമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.
അതേസമയം, പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് വാദിച്ച പ്രോസിക്യൂഷൻ ഭാഗം വാദിച്ചു. കേസിൽ സുപ്രീംകോടതി വിധി ആധാരമാക്കണമെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷ അനുഭവിക്കുന്ന സാഹചര്യം ഒരുക്കണം. പ്രതികളിൽ നിന്നും പിഴയീടാക്കി കെവിന്റെ മാതാപിതാക്കൾക്കും നീനുവിനും കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട അനീഷിനും നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വാദത്തിനിടെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. കേസിലെ പ്രതികളായ റിയാസ് ഇബ്രാഹിം, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാൻ എന്നിവർ കോടതിയിൽ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി നീനുവിൻറെ സഹോദരൻ സാനു ചാക്കോ തനിക്ക് പറയാനുള്ളത് എഴുതി നൽകി. വാദിക്കുന്നതിനിടയിൽ പ്രതിഭാഗം അഭിഭാഷകനും വികാരാധീനനായി.
പ്രതികൾ ഇന്ന് കോടതിയിൽ നടത്തിയത് ശിക്ഷ കുറയ്ക്കാനുള്ള തന്ത്രങ്ങളാണെന്ന് കെവിന്റെ അച്ഛൻ ജോസഫ് പറഞ്ഞു. വിചാരണ വേളയിൽ പ്രതികൾ ഇങ്ങനെ ആയിരുന്നില്ല പെരുമാറിയത് എന്ന കാര്യം കോടതിക്ക് അറിയാവുന്നതാണ്. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് കൂട്ടിച്ചേർത്തു.
കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam