കെവിന്‍ വധക്കേസ്; പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

By Web TeamFirst Published Aug 27, 2019, 11:20 AM IST
Highlights

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാഞ്ഞത്.

കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.  കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്‍റെ പിതാവിനും കെവിന്‍റെ ഭാര്യ നീനുവിനും തുല്യമായി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാഞ്ഞത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു.ഇതുകൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്,ഒമ്പത് ,പതിനൊന്ന്,പന്ത്രണ്ട്  പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്,ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. 

കെവിന്‍റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

click me!