
കോട്ടയം: പാലക്കാട്ടെ ദുരഭിമാന കൊലയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വരുമ്പോൾ അതിയായ സങ്കടത്തിലാണ് കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയുടെ ഇരയായ കെവിന്‍റെ അച്ഛൻ ജോസഫ്. കൊല്ലപ്പെട്ട അനീഷിനെ കൊന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട്ടെ ദുരഭിമാന കൊലയിൽ പ്രിയപ്പെട്ടവനെ നഷ്ടമായ ഹരിത കെവിന്‍റെ ഭാര്യ നീനു തന്നെയായിരുന്നുവെന്ന് പറയുന്ന ഈ അച്ഛനെ മലയാളി മറന്ന് കാണില്ല. കേരളത്തിലെ ജാതി കൊലയുടെ ആദ്യ ഇരയെന്ന് കോടതി തന്നെ വിശേഷിപ്പിച്ച കെവിന്‍റെ അച്ഛൻ ജോസഫ്. പ്രണയിച്ച് വിവാഹം കഴിച്ചു എന്നതിന്‍റെ പേരിൽ ഭാര്യയുടെ സഹോദരനും സംഘവും ചേർന്ന് ദയയില്ലാതെ കാണിച്ച ക്രൂരത. കെവിൻ ഓർമയായി രണ്ട് വർഷം പിന്നിടുമ്പോഴും സാക്ഷര കേരളത്തിൽ വീണ്ടും വിവാഹത്തിന്‍റെയും പ്രണയത്തിന്‍റെയും പേരിലുളള ജാതി കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നതിന്‍റെ അമർഷത്തിലും ദുഖത്തിലുമാണ് ഈ അച്ഛൻ.
2018 മെയ് 27നാണ് കോട്ടയത്തെ കെവിന്‍. പി ജോസഫ് കൊല്ലപ്പെട്ടത്. കൊല്ലം തെന്‍മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെതുടര്‍ന്നായിരുന്നു കൊലപാതകം. കെവിന്‍റെ ഓർമകളിൽ കഴിയുന്ന നീനുവിന്‍റെ ഹൃദയ വേദന ജന്മകൊടുത്തവർക്ക് പോലും മനസ്സിലായില്ലെങ്കിലും ജോസഫിന് ആ വേദന അറിയാം. അത് കൊണ്ട് തന്നെയാവണം ജാതിയുടെ പേരിലുളള ഇത്തരം അനീതികൾ ഉണ്ടാവരുതെന്ന് മാത്രമാണ് ഈ അച്ഛന്‍റെ പ്രാർത്ഥന. കാരണം നഷ്ടം എന്നും സ്നേഹിക്കുന്ന ഹൃദയങ്ങൾക്ക് മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam