അതിവേ​ഗ ഇന്റർനെറ്റുമായി കെ ഫോൺ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

By Web TeamFirst Published Feb 15, 2021, 7:42 AM IST
Highlights

ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ.

ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക. സർക്കാർ ഓഫീസുകൾ,ആശുപത്രികൾ,പൊലീസ് സ്റ്റേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഡാറ്റാ സെന്‍ററുകൾ, കളക്ടറേറ്റുകൾ എന്നിവയിൽ ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവർത്തനം സംസ്ഥാനവ്യാപകമാകും.

ഇതിലൂടെ 10 MBps മുതൽ 1 GBps വരെ വേഗത്തിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. 35000 കിലോ മീറ്റർ ഓപ്റ്റിക്കൽ ഫൈബർ നെറ്റ്‍വർക്കാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് തപസ്യയിലാണ് നെറ്റ്‍വർക്ക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി ടവറുകളിലൂടെ വലിച്ച കോർ റിങ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരിക്കലും ഇന്‍റർനെറ്റ് തടസ്സം നേരിടാത്ത റിങ് ആർക്കിടെക്ചർ സംവിധാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് കീഴിൽ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്സസ് നെറ്റ്‍വർക്ക് സജ്ജമാക്കും. 

കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളിൽ സ്ഥാപിച്ച കോർ പോയിന്‍റ് ഓഫ് പ്രസൻസ് വഴിയാണ് ആക്സസ് നെറ്റ്‍വർക്കിന്‍റെ നിയന്ത്രണം. ആക്സസ് നെറ്റ്‍വർക്ക് ഓരോ ജില്ലകളിലെയും സർക്കാർ ഓഫീസുകളെയും മറ്റ് ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നു. പ്രാദേശിക ശൃംഖലകൾക്ക് നിശ്ചിത തുക നൽകി വിതരണാവകാശം നേടാവുന്നതാണ്. ഈ  പ്രാദേശിക വിതരണശൃംഖലകളാണ് വീടുകളിൽ ഇന്‍റർനെറ്റ് എത്തിക്കുക. സൗജന്യ ഇന്‍റർനെറ്റ് സർക്കാർ ഓഫീസുകൾക്ക് മാത്രമേ ലഭിക്കൂ. 
 

click me!