
കണ്ണൂര്‍: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ശമ്പളത്തിനായി മൂന്ന് വർഷമായി ഖാദി ബോർഡിൽ കയറി ഇറങ്ങുകയായിരുന്ന കണ്ണൂരിലെ നിഷയ്ക്ക് ഏഷ്യാനെറ്റ് വാർത്ത തുണയായി. സെയിൽസ് അസിസ്റ്റന്‍റായിരുന്ന കുറ്യാട്ടൂർ സ്വദേശിക്ക് കിട്ടാനുണ്ടായിരുന്ന 3. 37 ലക്ഷം രൂപ ബോർഡ് കൈമാറി. അകാരണമായി പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കുംവരെ നിയമ പോരാട്ടം തുടരുമെന്ന് നിഷ പറഞ്ഞു.
ഖാദി ബോർഡിന്‍റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ ദിവസം 400 രൂപ വേതനത്തിൽ സെയിൽസ് അസിസ്റ്റന്‍റായി നിഷ ജോലിക്ക് കയറിയത് 2013 ലായിരുന്നു. എൽ ഡി എഫ് അധികാരത്തിൽ വന്നതോടെ 2017 ൽ പിരിച്ചുവിട്ടു. ഇതിനെതിരെ നിഷ ലേബർ കോടതിയിൽ പോയി ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുകൂല വിധി നേടി. ശമ്പളം നൽകാൻ കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ മൂന്ന് കൊല്ലമായി പണം നൽകാതെ ബോർഡ് നിഷയെ കബളിപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ചർച്ചയായതോടെ മൂന്ന് ദിവസത്തിനകം ബോർഡ് നൽകാനുള്ള 3. 37 ലക്ഷം രൂപ കൈമാറി. നഷ്ടത്തിലാണെന്ന് പറഞ്ഞ് തങ്ങൾക്ക് ശമ്പളം തരാത്ത ബോർഡ് വൈസ് ചെയർമാന് കാറുവാങ്ങാൻ 35 ലക്ഷം വരെ അനുവദിച്ച വിവരമറിഞ്ഞായിരുന്നു നിഷ ഞങ്ങളെ സമീപിച്ചത്. ഇനി ജോലിയിൽ തിരികെ കയറാനുള്ള നിയമ പോരാട്ടം തുടരുകയാണ് കുറ്റ്യാട്ടൂർ സ്വദേശി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam