
കൊച്ചി: കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ കേസെടുത്ത് പൊലീസ്. യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയും പ്രതി ചേർത്താണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎക്കെതിരെയും കേസെടുത്തു. യുഡിഎഫ് പ്രവർത്തകരെ മർദിച്ചതിനാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് രണ്ട് എഫ്ഐആർ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുഡിഎഫ് പ്രവർത്തകർ ഇന്നലെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അതിൽ നാലാം പ്രതിയായിട്ടാണ് അനൂപ് ജേക്കബ് എംഎൽഎയെ പ്രതി ചേർത്തിരിക്കുന്നത്. അമ്പതോളം കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ചതിലാണ് എൽഡിഎഫിനെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസുണ്ട്.
നിലവിൽ കൗൺസിലർ കൊച്ചി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് തന്നെ 164 മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എപ്പോഴാണ് മൊഴി എടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേ സമയം കൗൺസിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടർ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം സംഭവത്തിലെ പൊലീസ് വീഴ്ചയിൽ എറണാകുളം റൂറൽ എസ്പി റിപ്പോർട്ട് തേടിയിട്ടുണ്ട്. എഎസ്പിക്കും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കുമാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി എടുക്കുക. മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെയാണ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam