Latest Videos

മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിന് വഴി തുറന്നത് കിഫ്ബി ഓഡിറ്റുമായുള്ള വേണുഗോപാലിൻ്റെ ബന്ധം

By Web TeamFirst Published Nov 23, 2020, 12:50 PM IST
Highlights

സ്വപ്നയുമായുള്ള ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിലെ പ്രധാന കണ്ണിയാണ് വേണുഗോപാല്‍. മസാല  ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചുവോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്.

കൊച്ചി: മസാല ബോണ്ട് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ് തീരുമാനിച്ചതിന് പ്രധാന കാരണം കിഫ്ബി ഓഡിറ്റുമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാലിന്‍റെ ബന്ധം. സ്വപ്നയുമായുള്ള ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിലെ പ്രധാന കണ്ണിയാണ് വേണുഗോപാല്‍. മസാല  ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചുവോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. മസാല ബോണ്ട് വഴി വിദേശനിക്ഷേപം സ്വീകരിച്ചത് ഭരണഘടനാവിരുദ്ധമെന്ന സിഎജി കണ്ടെത്തലും അന്വേഷണത്തിന് വഴി തുറന്നു

പല മാര്‍ഗങ്ങളിലൂടെ ശിവശങ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. ഇത് എവിയെെല്ലാം നിക്ഷേപിച്ചുവെന്ന അന്വേഷണം പുരോഗമിക്കുകയാണ്. സര്‍ക്കാരിൻ്റെ പല പദ്ധതികള്‍ വഴിയും ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ടോറസ് ഡൗണ്‍ടൗൺ, സ്മാ‍ർട്ട് സിറ്റി, ഇ മൊബിലിറ്റി, കെഫോണ്‍ എന്നിവയുടെ വിശദാംശങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടതും  ഈ അന്വഷണത്തിന്‍റെ ഭാഗമായാണ്. 

ഇതിനിടെയാണ് കിഫ്ബി ഓഡിറ്റും പി വേണുഗോപാലും തമ്മിലുള്ള പങ്ക് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്റ് കരാര്‍ നേടിയ സൂര്യ ആൻഡ് കോയുടെ പങ്കാളിയാണ് വേണുഗാപാല്‍. ഇതോടെയാണ് മസാല ബോണ്ട് ഇടപാടും അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.

മസാല  ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചുവോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതിനായാണ് ബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു എന്ന വിവരം ആവശ്യപ്പെട്ടിരിക്കുന്നതും. ഈ നിക്ഷേപകരില്‍ ശിവശങ്കറിൻ്റെ ബിനാമികളും ഉണ്ടോ എന്ന് കണ്ടെത്തുകയാണ്  ലക്ഷ്യം.

മസാല ബോണ്ട് വഴിയുള്ള വിദേശനിക്ഷേപം ഭരണഘടനാവിരുദ്ധമെന്ന് സിഎജി കണ്ടെത്തിയതായി ധനകാര്യമന്ത്രി തോമസ് ഐസക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്‍റെ അനുമതി  സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നു.  ആ‍ർബിഐ എന്‍ഒസി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ്  പ്രതിപക്ഷത്തിന്‍റെ വാദം. എന്നാല്‍ എന്‍ഒസിക്ക് അപ്പുറം വേറെ എന്തുവേണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്കും ചോദിക്കുന്നു. 

അനുമതി ഇല്ലാതെയാണ് നിക്ഷേപം സ്വീകരിച്ചെതെങ്കില്‍ അത് വിദേശനാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാവും. മാത്രമല്ല നിക്ഷേപം സ്വീകരിച്ചതിന്‍റെ നടപടി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ്  ബാങ്കിനെ അറിയിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഇഡി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ടോറസ് ഡൗണ്‍ ടൗൺ, സ്മാ‍ർട്ട് സിറ്റി, ഇ മൊബിലിറ്റി, കെഫോണ്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൂന്നാഴ്ച മുൻപ് ഇഡി കത്ത് നൽകിയിട്ടും സര്‍ക്കാ‍ർ ഇതു വരെ മറുപടി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

click me!