
തിരുവനന്തപുരം: ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു.
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിയടക്കമുളളവർക്ക് എൻഫോഴ്സ്മെന്‍റ് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയുടെ നോട്ടീസ്. വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതിൽ ഫെമ ചട്ട ലംഘനം ഉണ്ടെന്ന ഇ ഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2672 കോടി രൂപ സമാഹരിച്ചതിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാണ് കണ്ടെത്തൽ .
2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നെന്നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വഴിയും സിംഗപ്പൂർ സ്റ്റോക് എക്സേഞ്ച് വഴിയും ബോണ്ടിറക്കി വിദേശത്തുനിന്ന് സംസ്ഥാന സർക്കാർ ധനസമാഹരണം നടത്തിയത് ചട്ട വിരുദ്ധമാണെന്നാണ് കഴിഞ്ഞ ജൂൺ 27ന് ഇ ഡി കൊച്ചി യൂണിറ്റ് സമർപ്പിച്ച അന്വേഷണ റിപ്പോർടിൽ ഉളളത്. തുടർ നടപടിയുടെ ഭാഗമായിട്ടാണ് ഡൽഹിയിലുളള അഡജ്യൂഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി, ധനമന്ത്രിയായിരുന്ന തോമസ് ഐസക്, കിഫ്ബി സിഇഒ അടക്കമുളളവർക്ക് നവംബർ 12ന് നോട്ടീസ് അയച്ചത്.
രേഖാമൂലമായ മറുപടി ഒരുമാസത്തിനകം നൽകണമെന്നാണ് നിർദേശം. മറുപടി നൽകിയില്ലെങ്കിൽ എതിർകക്ഷികളുടെ അസാന്നിധ്യത്തിൽത്തന്നെ ഇഡി റിപ്പോർട്ടിൽ തുടർ നടപടികളിലേക്ക് പോകും എന്നാണ് അറിയിപ്പ്. സംസ്ഥാനത്തെ ആസ്തി വികസനത്തിനാണ് ധനസമാഹരണം നടത്തിയതെന്നും നിയമപരമായിത്തന്നെ നേരിടുമെന്നും തോമസ് ഐസക് പ്രതികരിച്ചു.
അർദ്ധ ജുഡീഷ്യൽ അധികാരമുളള അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ഇഡിയുടെ കണ്ടെത്തൽ അംഗീകരിച്ചാൽ ഫെമ ചട്ടം ലംഘിച്ചെന്നാരോപണം ഉയർന്ന 467 കോടിയുടെ 300 ഇരട്ടിവരെ പിഴയൊടുക്കാൻ കിഫ്ബിയോട് നിർദേശിക്കാനാകും. അങ്ങനെ സംഭവിച്ചാൽ കിഫ്ബിക്ക് അപലേറ്റ് ട്രിബ്യൂണൽ വഴി തീരുമാനത്തെ ചോദ്യം ചെയ്യാനും അവസരമുണ്ടാകും.