
കാസർകോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കാസർകോടും പൊലീസ് കേസ്. ജയരാജ് ബാരെ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാസർകോട് സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. നേമം പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹ മാധ്യമം വഴി പൊതുജനങ്ങളെ അറിയിച്ച് അതിജീവിതയുടെ അന്തസിനെ ഹാനിപ്പെടുത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
അതേസമയം, അതിജീവിതയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് പറഞ്ഞാണ് രാഹുലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സൈബർ അധിക്ഷേപ കേസിലെ മറ്റൊരു പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ 5-ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിൻ്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും.