
തിരുവനന്തപുരം: കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള കർശന നിർദ്ദേശങ്ങളുമായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്ശ. പത്ത് വർഷത്തെ കിഫ്ബി പ്രവർത്തനങ്ങളിൽ സിഎജി ഓഡിറ്റ് വേണമെന്നും നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടിൽ ശുപാർശയുണ്ട്. കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ ഭൂമി 9572 കോടി രൂപയ്ക്ക് ഏറ്റെടുത്തത് അടക്കമുള്ള ഗുരുതരമായ ക്രമക്കേടുകളും റിപ്പോർട്ടിലുണ്ട്. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധനയ്ക്കും റിപ്പോര്ട്ടില് ശുപാർശ നല്കി.
കിഫ്ബിയെ കയറൂരിവിടാൻ പറ്റില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. ഭരണഘടനയും റൂൾസ് ഓഫ് ബിസിനസും കാറ്റിൽ പറത്തിയ കിഫ്ബിയുടെ വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് റിപ്പോർട്ട്. പെട്രോൾ സെസും മോട്ടോർ വാഹന നികുതി വിഹിതവും കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചില്ല. 99.4 ശതമാനം തുകയും പോയത് വായ്പാ തിരിച്ചടവിന് 2022 മുതൽ കിഫ്ബിയുടെ വായ്പ സർക്കാരിന്റെ കടപരിധിയിലാക്കി. കിഫ്ബിക്ക് ഗ്യാരണ്ടി നിൽക്കരുതെന്ന ധനവകുപ്പ് നിർദ്ദേശം അന്നത്തെ മുഖ്യമന്ത്രി കാറ്റിൽ പറത്തി. പൊതു വിപണിയേക്കാൾ ഉയർന്ന പലിശയ്ക്ക് കടമെടുത്തത് വഴി ഓരോ വർഷവും 396 കോടി രൂപയുടെ അധിക ബാധ്യത വന്നു. 2026 വരെ കിഫ്ബി നടപ്പാക്കിയ 61678 കോടിയുടെ പദ്ധതി സർക്കാർ നടത്തിയിരുന്നെങ്കിൽ 13103 കോടിയെങ്കിലും ലാഭിക്കാമായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ ആണ് ഞെട്ടിപ്പിക്കുന്ന ദൂരൂഹത. 3829 ഏക്കർ 9572 കോടിക്ക് കണ്ണൂരിൽ ഏറ്റെടുത്തത് ഭൂമി വിലയുടെ അഞ്ചിരട്ടി നൽകിയാണ്. പദ്ധതി വിഭജനത്തിലും വലിയ അസമത്വം. 41 ശതമാനം പദ്ധതികൾ മൂന്ന് ജില്ലകളിൽ മാത്രമായി നൽകി.
2016 മുതൽ 10 സാമ്പത്തിക വർഷത്തെ പ്രവർത്തനത്തിൽ സിഎജി ഓഡിറ്റ് വേണമെന്നും സമിതി ശുപാര്ശ ചെയ്യുന്ന. ഓപ്പൺ മാർക്കറ്റ് കടമെടുപ്പ് പൂർണ്ണമായും നിർത്തണം, വായ്പാ തിരിച്ചടവിനും പദ്ധതി നടത്തിപ്പിനും ബജറ്റ് വകയിരുത്തൽ, മോട്ടോർവാഹന നികുതി വിഹിതവും ഇന്ധന സെസ്സും നിർത്തലാക്കുക, സേവന വേതന വ്യവസ്ഥ പരിഷ്കരണത്തിനൊപ്പം ഉദ്യോഗസ്ഥ പുനർവിന്യാസം എന്നത് അടക്കമുള്ള കർശന നിർദ്ദേശങ്ങളും വിദഗ്ധ സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. പരിപൂർണ്ണ സ്വാതന്ത്രം വെട്ടി കിഫ്ബിയെ സർക്കാറിൻ്റെ നിയന്ത്രണത്തിലാക്കണമെന്ന നിർദ്ദേശം അടക്കം സർക്കാർ നടപ്പാക്കും. കിഫ്കോൺ പ്ലാനിംഗ് ബോഡിന് കീഴിലാക്കണെന്നും റിപ്പോർട്ട് പറയുന്നു. പ്ലാനിംഗ് കമ്മീഷൻ മുൻ മെമ്പർ സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി മൂന്ന് മാസം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam