കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് 'എല്ലാം സുതാര്യ'മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Published : Sep 17, 2019, 09:35 PM ISTUpdated : Sep 17, 2019, 09:42 PM IST
കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് 'എല്ലാം സുതാര്യ'മെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് 

തിരുവനന്തപുരം: കിഫ്ബിയിൽ പൂർണ ഓഡിറ്റിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഓഡിറ്റിൽ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ല. സുതാര്യമായ രീതിയിൽ കിഫ്ബിയിൽ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിക്കെതിരെ ഇപ്പോൾ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയിൽ വയ്‍ക്കേണ്ടതാണ്.  

സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. 

സുതാര്യമായി നടക്കുന്ന കിഫ്ബിക്ക് എതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങൾ സംസ്ഥാനത്തിന്‍റെ പ്രളയാനന്തരപുനർനിർമാണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കിഫ്ബിയിലും കിയാലിലും സിഎജി പൂർണ്ണ ഓഡിറ്റ് നിഷേധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആർടിഐ ഡെസ്കാണ് പുറത്തുകൊണ്ടുവന്നത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി കിട്ടിയില്ലെന്നും ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. 

അതേസമയം, കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓ‍ഡിറ്ററായി സിഎജിയെ നിയമിക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നത്. മുഴുവൻ കണക്കും സിഎജിക്ക് പരിശോധിക്കാമെന്നും തോമസ് ഐസക് വിശദീകരിച്ചു.

എന്താണ് പൂർണ ഓഡിറ്റ്, എന്താണ് ഭാഗിക ഓഡിറ്റ്?

കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഭീമമായ തോതിൽ സർക്കാർ മുതൽമുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നൽകേണ്ട വൻ ബാധ്യതയും ഉള്ളതിനാൽ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റ് (20-ാം വകുപ്പ് പ്രകാരം) അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാൽ കിഫ്ബി ആക്ടിൽ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സർക്കാർ വാദം. 

നൂറ് കണക്കിന് കോടി രൂപയുടെ തിരിച്ചടവിന് സർക്കാരിന് പൂർണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്ക്ക് മാത്രമാണ്. അതായത്, ഓരോ സാമ്പത്തിക വർഷത്തേയും സർക്കാർ ഗ്രാന്റിന്റെ വിനിയോഗം മാത്രം. സിഎജി ആക്ട് സെക്ഷൻ 14 അനുസരിച്ച് സിഎജി സ്വയം ഏറ്റെടുത്തതാണ് ഈ ഓഡിറ്റ്. സെക്ഷൻ 20 പ്രകാരം കിഫ്ബിയുടെ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റ് സിഎജി ആവശ്യപ്പെട്ടിട്ടും അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവിൽ മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടും നടപടിയില്ല.

2016-ൽ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തിൽ, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അവഗണിക്കുകയാണ്. ഇത് മറച്ചുവച്ച് കിഫ്ബി പ്രവർത്തനങ്ങൾ സിഎജി ഓഡിറ്റിന് വിധേയമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി.

സിഎജി ആവശ്യപ്പെട്ടിട്ടും സെക്ഷൻ 20 പ്രകാരം സമ്പൂർണ്ണ പ്രവർത്തക ഓഡിറ്റ് നിഷേധിച്ചതിനുള്ള സർക്കാർ ന്യായം അതിവിചിത്രമാണ്. സിഎജിയുടെ പരിശോധനയും അഭിപ്രായങ്ങളും നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാർ പറയുന്നത്. സിഎജി ഓഡിറ്റ് നിക്ഷേപകരിൽ കൂടുതൽ വിശ്വാസം ഉണ്ടാക്കുമെന്ന എജിയുടെ മറുപടിയോട് സർക്കാർ പിന്നെ പ്രതികരിച്ചില്ല. ഈ വർഷം ഫെബ്രുവരി 11-ന് മുഖ്യമന്ത്രിക്ക് എജി അയച്ച കത്തിനും ഇതുവരെ മറുപടി നൽകിയിട്ടില്ല.

ആയിരക്കണക്കിന് കോടി വരുന്ന കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കിൽ ഈ പദ്ധതി സമഗ്രമായ ഓഡിറ്റിന് വിധേയമാക്കേണ്ടേത് കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി പ്രവർത്തന ഓഡിറ്റ് ആവശ്യപ്പെടുമ്പോൾ സർക്കാർ അത് നിരാകരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്. സിഎജി ഓഡിറ്റിലൂടെ കിഫ്ബിയെക്കുറിച്ച് എന്ത് തെറ്റായ സന്ദേശമാണ് നിക്ഷേപകർക്ക് കിട്ടുക. ഇത് അറിയാൻ പൗരന് അവകാശമില്ലേ? സെക്ഷൻ 20 പ്രകാരമുള്ള സമ്പൂർണ്ണ ഓഡിറ്റ് നിഷേധിച്ചശേഷം പദ്ധതിക്ക് സിഎജി ഓഡിറ്റ് ഉണ്ടെന്ന് സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ് എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്