കിഫ്ബിയിലെ പൂർണ സിഎജി ഓഡിറ്റ് നിഷേധം: ഇടപെട്ട് ഗവർണർ: അഴിമതി തന്നെയെന്ന് പ്രതിപക്ഷം

By Web TeamFirst Published Sep 17, 2019, 7:06 PM IST
Highlights

സിഎജി പൂർണ്ണ ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കിഫ്ബിയെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപമെന്ന് സംശയിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 

തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സിഎജി പൂർണ്ണ ഓഡിറ്റ് അനുവദിക്കാത്ത സർക്കാർ നിലപാടിൽ  ഗവർണർ ഇടപെടുന്നു. പ്രതിപക്ഷ നേതാവിന്‍റെ കത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. എന്നാൽ കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓ‍ഡിറ്ററായി സിഎജിയെ നിയമിക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നത്. മുഴുവൻ കണക്കും സിഎജിക്ക് പരിശോധിക്കാമെന്നും തോമസ് ഐസക് വിശദീകരിച്ചു.

കിഫ്ബിയെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപമെന്ന് സംശയിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. സമാന രീതിയിലുള്ള ഒരു സ്ഥാപനത്തിനും ഒരു സംസ്ഥാനത്തും സിഎജി സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററല്ലെന്ന് പറഞ്ഞ തോമസ് ഐസക് കിഫ്ബിയുടെ ഏത് കണക്കും സിഎജിക്ക് പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും പ്രതികരിച്ചു.

കിഫ്ബിയിലും കിയാലിലും സിഎജി പൂർണ്ണ ഓഡിറ്റ് നിഷേധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആർടിഐ ഡെസ്കാണ് പുറത്തുകൊണ്ടുവന്നത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി കിട്ടിയില്ലെന്നും ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. 

ഉചിതമായി നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല നൽകിയ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. കിഫ്ബിയും കിയാലും സിപിഎമ്മിന്‍റെ തറവാട്ട് സ്വത്തല്ലെന്നും ചെന്നിത്തല പറഞ്ഞു. കിയാല്‍ സര്‍ക്കാര്‍ സ്ഥാപനമല്ലാത്തതുകൊണ്ടാണ് സിഎജി ഓഡിറ്റ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന്‍റെ രേഖകള്‍ പ്രകാരം കിയാല്‍ സംസ്ഥാന ഗവൺമെന്‍റ് കമ്പനിയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മീഡിയാ മാനേജ്മെന്‍റ് ഗ്രൂപ്പ്, അപ്രൈസല്‍ ഡിവിഷന്‍ എനിന്ങ്ങനെ നിരവധി ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നതെന്നും. അവ പുറത്തുവരാതിരിക്കാനാണ് സിഎജി ഓഡിറ്റിംഗ് നിഷേധിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

click me!