'ഇങ്ങനെ വ്യാഖ്യാനിക്കാൻ ചില്ലറ വിവരക്കേട് പോര', സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്

By Web TeamFirst Published Jan 19, 2021, 3:33 PM IST
Highlights

സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിന് എത്തിക്സ് കമ്മിറ്റി ക്ലീൻ ചിറ്റ് നൽകിയിരുന്നു. സിഎജി റിപ്പോർട്ട് നേരത്തേ പുറത്തുവിട്ടത് വഴി ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി വ്യക്തമാക്കിയത്.

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു. ആർട്ടിക്കിൾ 246-ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്. ആർട്ടിക്കിൾ 246 നിയമനിർമാണവുമായി ബന്ധപ്പെട്ടതാണ്. ഇത് അതുമായി ബന്ധപ്പെട്ട കാര്യമേയല്ല. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയിൽ തട്ടിക്കൂട്ടിയതാണെന്നും തോമസ് ഐസക് ആരോപിക്കുന്നു. 

സിഎജി രാഷ്ട്രീയം കളിക്കുകയാണോ എന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ആ രീതിയിൽ നേരിടും. തനിക്കെതിരായ നിയമസഭാ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബിയെന്നത് സംസ്ഥാനസർക്കാരല്ല, ഒരു കോർപ്പറേറ്റ് ബോഡിയാണെന്ന് തോമസ് ഐസക് പറയുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണോ സിഎജി സംസാരിക്കുന്നത്? സർക്കാരുമായി സംസാരിച്ചിരുന്നെങ്കിൽ അത് പറഞ്ഞുകൊടുത്തേനെ. ഇത് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കേണ്ട സാഹചര്യമാണ് - തോമസ് ഐസക് പറയുന്നു. 

കൊച്ചി മെട്രോ, സിയാൽ ഒക്കെ വായ്പ എടുക്കുന്നത് സർക്കാർ വായ്പ എടുക്കുന്നതിന് തുല്യമാണോ? സംസ്ഥാനസർക്കാർ ഗ്യാരണ്ടി നൽകുന്നത് പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് ബോർഡുകൾ ഉണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ കാര്യങ്ങൾ കേരളത്തിന് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങനെയാണ്? ഇവിടെ സർക്കാരിനെതിരെ സിഎജി ആസൂത്രിതമായി റിപ്പോർട്ടുകൾ നൽകുകയാണെന്നും തോമസ് ഐസക് ആരോപിക്കുന്നു. 

click me!