Latest Videos

ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് വിചിത്രം; രൂക്ഷ വിമർശനവുമായി കിഫ്ബി

By Web TeamFirst Published Mar 26, 2021, 7:43 PM IST
Highlights

കിഫ്ബിയിലെ റെയ്ഡ്, അതിനെതിരെ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കടുത്ത പ്രതികരണങ്ങള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ നിയമയുദ്ധം. ഇപ്പോഴിതാ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണവും.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി കിഫ്ബി. ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി-25 ന് തന്നെ നൽകിയതാണെന്നും കിഫ്ബി വാർത്താക്കുറിപ്പിൽ പറയുന്നു. ഐ.ടി. ആക്ടിന്‍റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും കിഫ്ബി ആരോപിക്കുന്നു. 

കിഫ്ബിയെ കേന്ദ്രസർക്കാരിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെല്ലുവിളിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് പിന്നാലെ കിഫ്ബിയെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ ശക്തമായ എതിർക്കുകയാണ് സർക്കാരും സിപിഎമ്മും. കിഫ്ബി വായ്പ വഴിയുള്ള പദ്ധതികളുടെ കരാറുകാരുടെ നികുതിപ്പണത്തെ ചൊല്ലിയാണ് കിഫ്ബിയും ആദായനികുതിവകുപ്പും തമ്മിലുള്ള തർക്കം.

ഓരോ വകുപ്പിന് കീഴിലും രൂപീകരിച്ച കമ്പനികള്‍ക്കാണ് കിഫ്ബി പണം കൊടുക്കുന്നത്. ഈ കമ്പനിയാണ് കരാറുകാരെ കണ്ടെത്തുന്നത്. കരാർ‍ തുകക്ക് നൽകേണ്ട നികുതി കിഫ്ബി ഈ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. ഇങ്ങനെ 73 കോടി കൈമാറിയെന്ന് കിഫ്ബി പറയുന്നു. നികുതി അടയ്ക്കേണ്ട ഉത്തരവാദിത്വം പൂ‍ർണമായും കമ്പനികള്‍ക്കെന്നാണ് കിഫ്ബി പറയുന്നത്. 

എന്നാൽ നികുതിപ്പണം ഇങ്ങോട്ട് കിട്ടിയില്ലെന്നും കിഫ്ബി നേരിട്ടാണ് പണമടയ്ക്കേണ്ടതുമെന്നാണ് ആദായ നികുതിവകുപ്പിന്‍റെ വാദം. ആദായനികുതി നിയമപ്രകാരം നിലനിൽക്കാത്ത കാര്യത്തെ മറയാക്കി കിഫ്ബിയെ തകർക്കാനാണ് അർദ്ധരാത്രിയിലെ പരിശോധനയെന്നാണ് സർക്കാരിന്‍റെ ആരോപണം.

ആദായനികുതി കമ്മീഷണർ മൻജീത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന പരിശോധന. കരാറുകാരുടെ നികുതിപ്പണം കണ്ടെത്തണമെങ്കിൽ കരാർ കമ്പനികളോടാണ് ചോദിക്കേണ്ടതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ പരിശോധനയെ തടയൻ ശ്രമിക്കുകയാണെന്നും ഒരു മാസംവരെ തടവു ലഭിക്കുമെന്നും പറഞ്ഞായിരുന്നു ആദായനികുതി ഉദ്യോഗസ്ഥർ തിരിച്ചടിച്ചത്. ഇരുഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് പരിശോധന അവസാനിപ്പിച്ച് ആദായനികുതി ഉദ്യോഗസ്ഥർ മടങ്ങിയത്. ആദായനികുതി വകുപ്പ് കേസെടുത്താൽ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കിഫ്ബി.

click me!