
കൊച്ചി: പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ട വോട്ട്. പെരുമ്പാവൂർ മണ്ഡലത്തിന് പുറമെ മൂവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഇവരുടെ പേരുണ്ട്. എന്നാൽ ഇരട്ട വോട്ടിനെ കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ ബൂത്തിലാണ് തനിക്കും ഭാര്യയ്ക്കും വോട്ടുള്ളതെന്നും മൂവാറ്റുപുഴയിൽ നിന്ന് അഞ്ച് വർഷം മുൻപ് താമസം മാറിയതാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണിതെന്നും എൽദോസ് വ്യക്തമാക്കി.
അതേസമയം ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം തേടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 131 മണ്ഡലങ്ങളിലായി നാല് ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുള്ളതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കത്തിന്റെ ഫലമാണ് വ്യാജവോട്ടുകൾ. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തലയുടെ ഹർജിയിൽ പറയുന്നു. വളരെ ഗൗരവമുള്ള വിഷയം ആയതിനാൽ അടിയന്തരമായി കോടതി പ്രശ്നത്തിൽ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിന് അടിസ്ഥാനത്തിലാണ് കോടതി ഇന്ന് കേസ് പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam