
പാലക്കാട്: പറമ്പിക്കുളത്തെ ആദിവാസി കൂട്ടായ്മയുടെ റോഡ് വെട്ടൽ സമരം നാലാം ദിവസവും തുടരുന്നു. വനത്തിൽ അതിക്രമിച്ച് കയറി വനപാതയൊരുക്കിയ 320 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. സമരക്കാരുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് പാലക്കാട് ആർഡിഒ പറമ്പിക്കുളം തേക്കടിയിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തമിഴ്നാട് കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളം കടക്കേണ്ട ദുരവസ്ഥ മാറാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആദിവാസി കൂട്ടായ്മയുടെ തീരുമാനം
തേക്കടി അല്ലിമൂപ്പൻ കോളനിയിലെ എംകോം വിദ്യാർത്ഥി സന്തോഷിനെ പോലെ നിരവധി പേരാണ് യാത്രാ ദുരിതം മൂലം പൊറുതിമുട്ടിയപ്പോൾ മറ്റ് മാർഗങ്ങളില്ലാതെ റോഡ് വെട്ടൽ സമരത്തിനിറങ്ങിയത്. കോളനിയിൽ നിന്ന് ചെമ്മണാംപതിയിലേക്ക് ആറ് കിലോമീറ്റർ വനപാത നിർമിച്ചാൽ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടാതെ തന്നെ മുതലമട പഞ്ചായത്തിലെ ചെമ്മണാംപതിയിലെത്തിചേരാം.
പരിസ്ഥിതി ആഘാതവും സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണം കടലാസിൽ മാത്രമായെന്നാണ് ഇവരുടെ പരാതി. തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല ഊരുകളിലെ ആദിവാസികൾക്കെതിരെയാണ് വനത്തിൽ അതിക്രമിച്ച് കയറിയതിനും മണ്ണുവെട്ടി വനപാത തെളിച്ചതിനും കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ കേസെടുത്തത്. അതേസമയം ഇവരെ തൽക്കാലം ബലം പ്രയോഗിച്ച് മാറ്റേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam