കിരണ്‍ ആരോഗ്യ സര്‍വേ: മുന്നോട്ട് പോകാൻ സര്‍ക്കാര്‍ തീരുമാനം; ജനുവരിയില്‍ പ്രസിദ്ധീകരിക്കും

By Web TeamFirst Published Nov 15, 2020, 6:36 AM IST
Highlights

സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ അനുവാദമില്ലാതെ മരുന്ന് പരീക്ഷണത്തിനും അരങ്ങൊരുങ്ങി. തെളിവുകള്‍ സഹിതം വിവരങ്ങൾ പുറത്തുവന്നിട്ടും പക്ഷേ സര്‍ക്കാരിന് കുലുക്കമില്ല.

തിരുവനന്തപുരം: എതിര്‍പ്പ് ഉയരുമ്പോഴും കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആര്‍ ഐയുമായി ചേര്‍ന്നുള്ള കിരണ്‍ ആരോഗ്യ സര്‍വേയുമായി മുന്നോട്ടുപോകാൻ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ജനുവരിയിൽ സര്‍വേ ഡാറ്റ പ്രസിദ്ധീകരിക്കും. അതേസമയം അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

സർവ്വേയുടെ ഭാ​ഗമായി 10ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് വിദേശ ഗവേഷണ ഏജൻസിക്ക് കൈമാറി. കൂട്ടുനിന്നത് മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും എൻ ജി ഒ ആയ ഹെല്‍ത് ആക്ഷൻ ബൈ പീപ്പിളും ആണ്. സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ അനുവാദമില്ലാതെ മരുന്ന് പരീക്ഷണത്തിനും അരങ്ങൊരുങ്ങി. തെളിവുകള്‍ സഹിതം വിവരങ്ങൾ പുറത്തുവന്നിട്ടും പക്ഷേ സര്‍ക്കാരിന് കുലുക്കമില്ല.

സർവ്വേയുമായി ബന്ധപ്പെട്ട എതിർവാദങ്ങളും വിവാദങ്ങളും സര്‍ക്കാര്‍ തള്ളുകയാണ്. ആരോഗ്യ വിവരങ്ങൾ ശേഖരിച്ച കേരള ഇൻഫര്‍മേഷൻ ഓണ്‍ റെസിഡന്‍റ്സ് നെറ്റ് വര്‍ക്ക് അഥവാ കിരണ്‍ സര്‍വേ മൂന്നുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ ഡാറ്റയായി പ്രസിദ്ധീകരിച്ചാൽ വെബ് സൈറ്റില്‍ ലഭ്യമാകും. ഇതോടെ 14 ജില്ലകളിലേയും ആരോഗ്യ വിവരങ്ങള്‍ പൊതു രേഖയായി മാറും. എന്നാൽ പൊതു വിവരങ്ങൾ കിട്ടുമെന്നല്ലാതെ വിശദാംശങ്ങൾ ലഭ്യമാകില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. എന്നാൽ ഡാറ്റ ഇതിനോടകം കനേഡിയൻ ഏജൻസിയായ പി എച്ച് ആര്‍ ഐയ്ക്ക് ലഭ്യമായിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ആരോഗ്യ ഡാറ്റ സംബന്ധിച്ച് പുറത്തുവന്ന തെളിവുകളോടും ആരോപണങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

click me!