കിരണിനെ പിരിച്ചുവിട്ടത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം; ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് അഭിഭാഷകൻ

By Web TeamFirst Published Aug 6, 2021, 6:36 PM IST
Highlights

പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതർ തേടിയിട്ടില്ലെന്നും കിരണിന്റെ അഭിഭാഷകൻ പറയുന്നു.

കൊച്ചി: വിസ്മയ കേസ് പ്രതി കിരൺകുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ ഉടൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും എന്ന് അഭിഭാഷകൻ. പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതർ തേടിയിട്ടില്ലെന്നും കിരണിന്റെ അഭിഭാഷകൻ പറയുന്നു.

കിരണിനെ പിരിച്ചു വിട്ട നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പുകവലിയ്ക്കുന്നത് വരെ 93 c നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് നിയമരം​ഗത്തുള്ളവർ പറയുന്നത്. 

കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായി. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടലെന്നാണ് മന്ത്രി അറിയിച്ചത്. 

ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.  

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്. 

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികൾ അടക്കമുള്ള കാര്യങ്ങൾ വിസ്മയയുടെ കേസിൽ ശേഖരിച്ചിരുന്നു. കിരൺ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസിൽ കിരണിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരൺ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടർന്നാണ് പിരിച്ചുവിടൽ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!