ഉത്തരം മുട്ടിച്ച് ഓണക്കൂര്‍; പൗരത്വ നിയമം വിശദീകരിക്കാനിറങ്ങിയ ബിജെപിക്ക് എട്ടിന്‍റെ പണി

Web Desk   | Asianet News
Published : Jan 05, 2020, 02:24 PM ISTUpdated : Jan 05, 2020, 02:35 PM IST
ഉത്തരം മുട്ടിച്ച് ഓണക്കൂര്‍; പൗരത്വ നിയമം വിശദീകരിക്കാനിറങ്ങിയ ബിജെപിക്ക്  എട്ടിന്‍റെ പണി

Synopsis

ഏറെ ആലോചനകൾക്ക് ശേഷമാണ് എഴുത്തുകാരൻ ജോര്‍ജ്ജ് ഓണക്കൂറിനെന്റെ വീട്ടിൽ നിന്ന് ഗൃഹസന്പര്‍ക്ക പരിപാടിക്ക് തുടക്കമിടാൻ ബിജെപി സംസ്ഥാന ഘടകം പദ്ധതി തയ്യാറായത്. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക വിശദീകരണ പരിപാടിക്ക് തുടക്കത്തിലെ കല്ലുകടി. ജോര്‍ജ്ജ് ഓണക്കൂറിന്‍റെ വീട്ടിലെത്തിയ ബിജെപി നേതാക്കൾക്ക് നേരിടേണ്ടി വന്നത്  വലിയ തിരിച്ചടിയാണ്. ബിജെപി നേതാക്കൾക്കൊപ്പം വീട്ടിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ ജോര്‍ജ്ജ് ഓണക്കൂര്‍ സ്വീകരിച്ചിരുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള വിശദീകരണം കേട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റിദ്ധാരണകൾ മാറ്റുന്നതിനായാണ് ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയതെന്ന് കേന്ദ്രമന്ത്രി പറയുകയും ചെയ്തു.

എന്നാൽ എല്ലാം കേട്ടിരുന്ന് ഏറ്റവും ഒടുവിൽ കേന്ദ്ര നയത്തിനെതിരായ വിയോജിപ്പ് തുറന്ന് പറയുകയാണ് ജോര്‍ജ്ജ് ഓണക്കൂര്‍ ചെയ്തത്. ആറ് മതങ്ങളിൽ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയതിലെ അതൃപ്തി അറിയിച്ച ഓണക്കൂര്‍ തന്‍റെ മതം ഇന്ത്യയാണെന്ന് പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു, അതേസമയം പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങൾക്ക് എതിരല്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് പക്ഷെ ഇക്കാര്യം കൃത്യമായി ജോര്‍ജ്ജ് ഓണക്കൂറിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. വിയോജിക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും ഓണക്കൂറിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. 

ന്യൂനപക്ഷങ്ങളെ കൂടി ലക്ഷ്യമിട്ട് ഏറെ ആലോചനകൾക്ക് ശേഷമാണ് എഴുത്തുകാരൻ ജോര്‍ജ്ജ് ഓണക്കൂറിന്‍റെ വീട്ടിൽ നിന്ന് ഗൃഹസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിടാൻ ബിജെപി സംസ്ഥാന ഘടകം പദ്ധതി തയ്യാറായത്. വാളയാര്‍ സംഭവം മുൻ നിര്‍ത്തി കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ നടന്ന സ്ത്രീ നീതി സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് ജോര്‍ജ്ജ് ഓണക്കൂറായിരുന്നു. അടുത്ത കാലങ്ങളിലായി ബിജെപി വേദികളിലെ സഹകരണം കൂടി കണക്കിലെടുത്താണ് ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനത്തിന് ജോര്‍ജ്ജ് ഓണക്കൂറിന്‍റെ വീട് തന്നെ തെരഞ്ഞെടുത്തതെന്നാണ് വിവരം. 

 എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ കടുത്ത വിയോജിപ്പ് തുറന്ന് പറയും വിധം  ഇത്തരമൊരു അവസ്ഥ ബിജെപി നേതാക്കൾ മുന്നിൽ കണ്ടിരുന്നില്ലെന്നാണ് സൂചന. ജോര്‍ജ്ജ് ഓണക്കൂറിന്‍റെ വീട്ടിൽ നിന്ന് തുടങ്ങി പത്ത് വീടുകളിൽ ഇന്ന് നിശ്ചയിച്ച സന്ദര്‍ശനം രണ്ട് വീടുകളിൽ മാത്രമാക്കി ചുരുക്കി അവസാനിപ്പിക്കുകയും ചെയ്തു. സമയക്കുറവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രി സന്ദര്‍ശനം വെട്ടിച്ചുരുക്കിയത്. കേന്ദ്ര മന്ത്രി എത്തുമെന്ന് നിശ്ചിയിച്ചിരുന്ന വീടുകളിൽ പിന്നീട് പോയത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആണ്. 

തുടര്‍ന്ന് വായിക്കാം: പൗരത്വ നിയമ ഭേദഗതി: വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോർജ്ജ് ഓണക്കൂർ...

ഹൃദയത്തിലൊരു വാൾ, ഉൾക്കടൽ  എന്നീ പുസ്തകങ്ങളും നൽകിയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ ജോര്‍ജ്ജ് ഓണക്കൂര്‍ യാത്രയാക്കിയത്. അതേസമയം അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെന്നും  വിയോജിപ്പുകളുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ച് തന്നെയാണ് പ്രചാരണം ഉദ്ദേശിച്ചതെന്നുമാണ് ബിജെപി സംസ്ഥാന ഘടകം നൽകുന്ന വിശദീകരണം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം