കിറ്റക്സ് തൊഴിലാളികളുടെ അക്രമം; 156 പേർ കസ്റ്റഡ‍ിയിൽ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കൂടുതൽ അറസ്റ്റ്

Web Desk   | Asianet News
Published : Dec 27, 2021, 12:47 AM ISTUpdated : Dec 27, 2021, 12:50 AM IST
കിറ്റക്സ് തൊഴിലാളികളുടെ അക്രമം; 156 പേർ കസ്റ്റഡ‍ിയിൽ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കൂടുതൽ അറസ്റ്റ്

Synopsis

സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ (Kitex) അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ ഇന്ന് കൂടുതൽ നടപടിക്ക് സാധ്യത. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

കിഴക്കമ്പലം അക്രമം; രണ്ട് ക്രിമിനൽ കേസുകളിലായി 24 അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി.  കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

പൊലീസുകാർക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും എന്ന കാപ്സ്യൂൾ വന്നോയെന്ന് ടി സിദ്ദിഖ്

ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ തന്നെയാണെന്നും അന്വേഷണത്തോട് പൂർണമായി സഹയകരിക്കുമെന്നും  കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.

നേരത്തെ കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തെത്തിയിരുന്നു. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്ന് സംഘടന ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തതിൽ നിന്നും തൊഴിലുടമയ്ക്ക് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

കുറിപ്പിങ്ങനെ...

കിഴക്കമ്പലത്ത് പൊലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം.

പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.

സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലെവൽ അപ്പ് യുവർ മെറ്റബോളിസം: കൊഴുപ്പ് ഇല്ലാതാക്കാനുള്ള 8 വഴികൾ
കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആര്? വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെസി വേണുഗോപാൽ, തിരുവനന്തപുരത്ത് അടക്കമുള്ള സഖ്യ സാധ്യതയിലും മറുപടി