ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റനാരാണെന്ന് ചോദ്യത്തിന് ജനങ്ങളാണ് ക്യാപ്റ്റനെന്നും കെസി വേണുഗോപാലിന്‍റെ മറുപടി.
ദില്ലി: ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ നിലപാടാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി. യുഡിഎഫിനെ വിജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണെന്നും അതനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിൽ ജനങ്ങളാണ് ക്യാപ്റ്റനെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി. കൂട്ടായ നേതൃത്വത്തിന്‍റെ പ്രവര്‍ത്തന ഫലമാണെന്നും വ്യക്തിപരമായി ആരുടെയും വിജയമല്ലെന്നും കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സമാനതകളില്ലാത്ത തരംഗമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ഉണ്ടായതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പത്തുവര്‍ഷമായി കേരളത്തിൽ ഭരണമില്ല. എല്ലാ പീഡനങ്ങളും അനുഭവിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. കള്ളക്കേസുകൾ അടക്കം സര്‍ക്കാരെടുത്തു. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്‍റെ വിജയമാണിത്. വിജയദിനത്തിൽ അടക്കം സിപിഎം അക്രമം നടത്തി. എത്രമാത്രം പ്രയാസം സഹിച്ചാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അഭിനന്ദിക്കുകയാണ്. ചിട്ടിയായ പ്രവർത്തനങ്ങൾ ഡിസിസികൾ നടത്തി. ഈ വിജയം സമ്മാനിക്കുന്നതിൽ പിണറായി സർക്കാരിന്‍റെ വലിയ പങ്കുണ്ട്. കേന്ദ്രവുമായി കീഴടങ്ങൽ രീതിയിലാണ് സർക്കാർ മുന്നോട്ടുപോയത്.തൃശൂരിനുശേഷം തിരുവനന്തപുരവും കൊടുത്തതിൽ കാരണക്കാർ സിപിഎമ്മും സർക്കാരുമാണ്. ശബരിമല കൊള്ള പ്രോത്സാഹിപ്പിച്ചത് സി പി എമ്മും സർക്കാരുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വിജയത്തിൽ എന്തോ വലിയ സംഭവം നടന്നുവെന്ന പേരിലാണ് മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രതികരണം.
തിരുവനന്തപുരം വിട്ടാൽ ഒന്നും കിട്ടിയിട്ടില്ല. കേരളം ബിജെപിയെ കീഴിലേക്ക് പോകുകയാണെന്ന് മായാ പ്രപഞ്ചം സൃഷ്ടിക്കുകയാണ്. കേരളത്തിൽ അട്ടിമറി നടന്നുവെന്നത് തെറ്റായ കാര്യമാണ്. ഇത്തരം പ്രചരണങ്ങളാണ് ബിജെപി നടത്തുന്നത്. തിരുവനന്തപുരത്തെ പരാജയത്തിന് പൂർണ കാരണം സിപിഎം മാത്രമാണ്. സിപിഎമ്മിന്‍റെ വാർഡുകളാണ് ചോർന്നുപോയത്. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാത്തിരുന്ന് കാണാമെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം. ഒരു വിജയം ഉണ്ടായതിന് പിന്നാലെ മറ്റൊരു പാർട്ടിയെ വിളിക്കുന്നതിൽ തനിക്ക് പ്രതികരിക്കാനാവില്ലെന്നും കൂടിയാലോചനകൾ വേണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. എംഎം മണിയുടെ പ്രസ്താവനക്കെതിരെയും കെസി വേണുഗോപാൽ രംഗത്തെത്തി. ഒരു നേതാവിന്‍റെയും പോക്കറ്റിൽ നിന്ന് എടുക്കുന്ന പൈസയല്ലെന്നും കേരളത്തിലെ ജനങ്ങളെ എംഎം മണി അപമാനിച്ചുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. മണിയുടെ ശൈലിയിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടി സെക്രട്ടറി പോലും നടത്തിയത്. പെൻഷൻ തന്നാൽ വോട്ട് ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന രീതിയിലാണ് പ്രതികരണം.
യുഡിഎഫ് വിജയത്തിൽ കെസി വേണുഗോപാലിന് വലിയ പങ്കുണ്ടെന്ന് സണ്ണി ജോസഫ്
യുഡിഎഫിന്‍റെ വിജയത്തിൽ കെസി വേണുഗോപാലന്‍റെ വലിയ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ കെസി വേണുഗോപാൽ നൽകി. നിയമസഭ ഒരുക്കങ്ങൾ ചർച്ചയാകും. ബിജെപി അകറ്റിനിർത്താൻ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദിയുണ്ട്. വളരെ മുൻപ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. എല്ലാവരുടെയും കൂട്ടായ്മയിലുണ്ടായ വിജയമാണിത്. എഐസിസി മികച്ച പിന്തുണ നൽകി. ശബരിമല സ്വര്‍ണക്കൊള്ളയിൽ കപ്പിത്താന്മാരെ ഇനിയും പിടികൂടാനുണ്ട്. ശബരിമല വിഷയം ഉൾപ്പെടെ സർക്കാരിന്‍റെ കള്ളക്കളികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു. പ്രതികളായ നേതാക്കന്മാരെ സിപിഎം സംരക്ഷിക്കുകയാണ്. പാർട്ടി ഒരു നടപടി പോലും എടുത്തില്ല.
ഇതെല്ലാം ജനം വിലയിരുത്തി വോട്ട് ചെയ്തു. വിനയത്തോടെ ഈ വിജയം സ്വീകരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ പരാജയത്തിൽ എംഎം മണി നടത്തിയ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണ്. പെൻഷൻ അടക്കമുള്ളത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളോടുള്ള പാര്‍ട്ടി സമീപനമാണ് എംഎം മണിയുടെ പ്രസ്താവനയിലൂടെ വ്യക്തമായത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎം രാഷ്ട്രീയനേതൃത്വം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ആക്രമണം. ആക്രമണത്തിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎ വിജയം ലഡ്ഡുവിന്‍റെ മുകളിലെ മുന്തിരി പോലെയാണ്. മൊത്തത്തിൽ ബിജെപിക്ക് വലിയ നേട്ടമില്ല. തൃശ്ശൂരിൽ പോലും തോറ്റില്ലെ? യുഡിഎഫിന്‍റെ ചരിത്ര വിജയത്തിൽ ഇതിനൊന്നും പ്രസക്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ കേരള ഹൗസിലെത്തിയ സണ്ണി ജോസഫിന് ജീവനക്കാര്‍ മധുരം നൽകിയാണ് സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ആഘോഷത്തിൽ പങ്കുചേര്‍ന്നു.



