
കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് (Kitex) എംഡി സാബു ജേക്കബ് (Sabu Jacob) . അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നത്. പൊലീസ് അറസ്റ്റ് ചെയ്ത 164 പേരിൽ 152 പേരെ മാത്രമേ കിറ്റക്സിന് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവർ എവിടെ നിന്നാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
10, 11, 12 എന്നീ മൂന്നു കോട്ടേഴ്സിൽ നിന്നുള്ളവർ മാത്രമാണ് പ്രതികൾ എന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. പൊലീസിൻറെ നടപടിയിൽ ദുരൂഹതയുണ്ട്. ഇപ്പോൾ അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് കുറ്റക്കാർ. കിറ്റക്സിനെയും ട്വൻറി20യെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ. പൊലീസ് അറസ്റ്റ് ചെയ്ത് തൊഴിലാളികളുടെ സംസ്ഥാനങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ തൊഴിലാളികൾക്ക് നിയമ സഹായം കിറ്റെക്സ് നൽകും. കുറ്റവാളികൾ എന്ന് കമ്പനി കണ്ടെത്തിയ 23 പേർക്ക് നിയമ സഹായം നൽകില്ല. പരിക്കേറ്റ പൊലീസുകാർക്ക് വേണ്ട ചികിത്സ സഹായം നൽകാൻ തയ്യാറാണ്. ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കമ്പനി കണ്ടെത്തിയ 10 പേരെ കൂടി പൊലീസിന് കൈമാറുന്നു. അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിമരുന്ന് ഏതെന്ന് കണ്ടെത്താൻ അപ്പോഴേ പരിശോധന നടത്തേണ്ടിയിരുന്നു. അതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.
തനിക്കെതിരെ കേസെടുക്കണമെന്ന ബെന്നി ബഹനാനന്റെ പ്രസ്താവനയോട് രൂക്ഷമായ രീതിയിലാണ് സാബു ജേക്കബ് പ്രതികരിച്ചത്. അയാൾ പറഞ്ഞ നിയമമനുസരിച്ച് ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞു. ട്വൻറി ട്വൻറി നിർത്തിയാൽ ശ്രീനിജന്റെയും മറ്റ് എംഎൽഎമാരുടെയും സർക്കാരിനെയും പ്രശ്നം തീരും. 140 എംഎൽഎമാരും വട്ടമിട്ട് ആക്രമിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
Read Also: 'അടി'യിൽ തളർന്നു, പിന്നാലെ കയറി: ഒടുവിൽ കിറ്റക്സ് ഓഹരികൾക്ക് സംഭവിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam