ശ്രീനിജൻ എംഎൽഎയും കിറ്റക്സ് തൊഴിലാളികളും തമ്മിൽ തർക്കം; പൊലീസ് കേസെടുത്തു

By Web TeamFirst Published Jan 15, 2022, 7:38 PM IST
Highlights

സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികൾ ചികിത്സ തേടി

കിഴക്കമ്പലം: കുന്നത്തുനാട് എംഎൽഎ  ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മിൽ തർക്കം. പെരിയാർവാലി കനാൽ സന്ദർശിക്കാൻ ശ്രീനിജനും നാട്ടുകാരും എത്തിയപ്പോഴാണ് തൊഴിലാളികളുമായി തർക്കമുണ്ടായത്. സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികൾ ചികിത്സ തേടി.

പെരിയാർവാലി കനാലിലെ വെള്ളം നാട്ടുകാർക്ക് ലഭിക്കാത്തത് പരിശോധിക്കാനാണ് എത്തിയതെന്ന്  ശ്രീനിജൻ പറഞ്ഞു. കനാലിലെ വെള്ളം കിറ്റക്സ്  നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നുവെന്നും അത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വെള്ളം ഉപയോഗിക്കുന്നില്ലെന്നാണ് കിറ്റക്സ് കമ്പനി പ്രതികരിച്ചത്.

തൊഴിലാളികൾക്ക് വേണ്ടി കെട്ടിട നിർമ്മാണം നടക്കുന്ന കമ്പനി ഭൂമിയിൽ എംഎൽഎയും സിപിഎം പ്രവർത്തകരും അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് കിറ്റക്സിന്റെ ആരോപണം. ഇവരുടെ ദൃശ്യങ്ങളെടുത്ത തൊഴിലാളിയെ മർദ്ദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നും കിറ്റക്സ് ആരോപിക്കുന്നു. പരിക്കേറ്റ കിറ്റക്സ് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് കുന്നത്തുനാട് പോലീസ് അന്വേഷണം തുടങ്ങി.

click me!