
പാലക്കാട്: സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി (Home Minister) കൂടിയായ മുഖ്യമന്ത്രി (CM Pinarayi Vijayan) സമ്പൂർണമായി പരാജയപ്പെട്ടുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ (Sandeep Varier). ചാവക്കാട്ടെ ബിജു, പാലക്കാട്ടെ സഞ്ജിത്ത്, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ, മാട്ടൂലിലെ ഹിഷാം എന്നിങ്ങനെ ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സംസ്ഥാനത്ത് നടത്തിയത്. സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകൾ പരസ്യമായി അഴിഞ്ഞാടുന്നു. സ്ത്രീകളെ പോലും ആക്രമിക്കുന്നു. കൊലപാതകത്തിനു ശേഷം കാൽ വെട്ടി ദൂരെ എറിയുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ അറിയപ്പെടുന്നവർ കലാപം അഴിച്ചു വിടുന്നു. പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഇതേസമയത്ത് സംസ്ഥാന സർക്കാർ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് പണം ചെലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുകയാണ്. എന്ത് വെള്ളരിക്കാപ്പട്ടണമാണിത്?
തന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉത്തരേന്ത്യൻ ഗോസായിമാരെ ലോ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിൽ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോർപ്പറേഷൻ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ടെൻഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകൻ മന്ത്രി പറഞ്ഞത്. ഇന്നലെ കലാപകാരികൾ കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ?
റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാൽ നാണിച്ചു തല താഴ്ത്തുമെന്നും പണി അറിയില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam