കടുപ്പിച്ച് സുധീരൻ, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത്; 'മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി വേണം, വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു'

Published : Jun 22, 2026, 02:58 PM IST
VM Sudheeran

Synopsis

മഹേശന്റെ ആത്മഹത്യ കേസിൽ എസ്ഐടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനന വിഷയത്തിലെ എതിർപ്പിന് പിന്നാലെ കെ കെ മഹേശന്റെ ആത്മഹത്യ കേസിലും സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലെ പോരായ്മ തുറന്നുകാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. കഴിഞ്ഞ ജൂൺ ആറിന് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്ന് വ്യക്തമാക്കിയ സുധീരൻ, കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും സുധീരൻ കത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു.

സുധീരന്‍റെ കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി,

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഢനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്ന എസ് എന്‍ ഡി പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന കെ കെ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹര്‍ജി അടിയന്തിര നടപടികള്‍ക്കായി ഇതോടൊപ്പം അയയ്ക്കുന്നു. മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്കു മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏറ്റവുമൊടുവില്‍ 06.06.2026 ല്‍ ബഹു.മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും മഹേശന്റെ കുടുംബം. ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് എന്റെ അപേക്ഷ. ഉഷാദേവിയുടെ സങ്കടഹര്‍ജിയില്‍ എത്രയും വേഗത്തില്‍ത്തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയുടെ ‘ചെറ്റ’ പരാമർശം; വിമർശനവുമായി ജി സുധാകരൻ, 'ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല'
സാങ്കേതികവിദ്യയിലൂടെ പൊതുജനസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിന്റെ ഹാക്കത്തോൺ, ഹാക്ക്'പി 2026 ന് തുടക്കം