കെ കെ മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Jan 6, 2021, 1:46 PM IST
Highlights

വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹർജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 10ലേക്ക് മാറ്റി.

ആലപ്പുഴ: എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹർജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 10ലേക്ക് മാറ്റി.

കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസെടുക്കാനാകില്ലെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ഇക്കാര്യം അറിയിച്ചത്. നിലവിൽ അസ്വാഭാവിക മരണത്തിന് എഫ്ഐആർ ഉണ്ട്.

ഐജിയുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചു. മഹേശൻ്റെ ഭാര്യ ഉഷാ ദേവി നൽകിയ ഹർജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിൻ്റെ സഹായി കെ കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണമെന്ന നിര്‍ദ്ദേശത്തിന് മറുപടിയായിട്ടാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചത്.

click me!