
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശൈലജ. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നിൽ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. സിഎജിക്ക് മറുപടി നൽകേണ്ടത് സർക്കാരാണ്. എല്ലാം നേരത്തെ വിശദീകരിച്ച കാര്യമാണെന്നും ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേ എന്നും ശൈലജ ചോദിച്ചു.
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തൽ. പൊതു വിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് കിറ്റ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. കുറഞ്ഞ വിലക്ക് കിറ്റ് നൽകാമെന്ന വാഗ്ദാനം തള്ളി സാൻ ഫാര്‍മ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും കൈമാറിയെന്നാണ് സിഎജി റിപ്പോർട്ട്. കിറ്റ് വാങ്ങിയതിൽ സര്‍ക്കാര് ഗുരുതര ക്രമക്കേട് നടത്തി. 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെങ്കിൽ മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. അതായത് രണ്ട് ദിവസത്തിനിടെ കിറ്റ് ഒന്നിന് ആയിരം രൂപയാണ് കൂടിയത്.
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 2016 മുതൽ 22 വരെ പൊതുജനാരോഗ്യ മേഖലയിലെ കാര്യങ്ങളാണ് സിഎജി വിലയിരുത്തിയത്. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് പറഞ്ഞാണ് കിട്ടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിനെ സര്‍ക്കാര്‍ അന്നും ഇന്നും ന്യായീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam