'മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയത്'; കിരണിന്‍റെ അച്ഛന്‍റെ ചിന്താഗതി ചോദ്യം ചെയ്ത് ശൈലജ, വിസ്മയയുടെ വീട്ടിലെത്തി

By Web TeamFirst Published Jun 23, 2021, 10:41 AM IST
Highlights

ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും തീരുമാനിക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി കെ കെ ശൈലജ എംഎൽഎ എത്തി. ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞെന്ന് പറഞ്ഞ അവർ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരായ പ്രചാരണത്തിൽ പങ്കു ചേരണമെന്നും ആവശ്യപ്പെട്ടു.

മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയതെന്നാണ് കിരണിന്‍റെ അച്ഛൻ പറഞ്ഞതെന്ന് ചൂണ്ടികാട്ടിയ ശൈലജ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണിതെന്ന് ചോദിച്ചു. പണത്തോടും സുഖലോലുപതയോടും ആർത്തിയുളള വലിയ വിഭാഗം കേരളത്തിലുണ്ടെന്ന് പറഞ്ഞ അവ‍ർ ഓരോ വ്യക്തിയും സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും തീരുമാനിക്കണമെന്നും കൂട്ടിച്ചേർത്തു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്‌മെന്‍റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!