കെഎം ഷാജി 25 ലക്ഷം തട്ടിയെടുത്തെന്ന് നൗഷാദ് പൂതപ്പാറ; പണം നൽകിയിട്ടില്ലെന്ന് സ്കൂൾ മാനേജ്മെന്റ്

By Web TeamFirst Published Apr 17, 2020, 5:26 PM IST
Highlights

വിജിലൻസ് സംഘം 2017ൽ സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമെന്ന് മനസിലാക്കി പിന്നീട് തുടർ നപടി ഉണ്ടായില്ലെന്നും  പദ്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കണ്ണൂർ: അഴീക്കോട് എംഎൽഎ കെഎം ഷാജിക്ക് എതിരായ 25 ലക്ഷത്തിന്റെ കോഴ ആരോപണത്തിൽ വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് മുൻ നേതാവും സ്കൂൾ മാനേജറും രംഗത്ത്. എംഎൽഎ പണം തട്ടിയെടുത്തുവെന്ന് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ആരോപിച്ചപ്പോൾ പണം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ പിവി പത്മനാഭൻ പറഞ്ഞത്.

കെഎം ഷാജിക്ക് പണം നൽകിയിരുന്നില്ല. വിജിലൻസ് സംഘം 2017ൽ സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമെന്ന് മനസിലാക്കി പിന്നീട് തുടർ നപടി ഉണ്ടായില്ലെന്നും  പദ്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം അഴിക്കോട് മുസ്ളിം ലീഗിന് ഓഫീസ് പണിയാൻ സ്കൂൾ മാനേജ്മെന്റ് 25 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈ തുകയാണ് കെഎം ഷാജി തട്ടിയെടുത്തതെന്നും നൗഷാദ് പൂതപ്പാറ ആരോപിച്ചു. ഈ സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തോട് പരാതി പറഞ്ഞിരുന്നു. എന്നാൽ പരാതിയുടെ പേരിൽ തന്നെ പാർട്ടി പുറത്താക്കി എന്നും നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭൻ 2017 സെപ്തംബറിൽ നൽകിയ പരാതിയിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ നവംബറിലാണ് ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിച്ച് വിശദമായ അന്വേഷണത്തിന് അനുവാദം ചോദിച്ചത്. മാർച്ച് 13 ന് സ്പീക്കർ ഇതിന് അനുമതി നൽകി. മാർച്ച് 16 ന് സർക്കാർ ഉത്തരവിറക്കി.

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രതികാര നടപടിയാണിത്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തിയിരിക്കുന്നത്. ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ എംഎൽഎ, മുഖ്യമന്ത്രി കേരളത്തിലെ അമിത് ഷായാണെന്ന് വിമർശിച്ചു.  പിണറായി വിജയൻ ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്ന് വിഡി സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് സർക്കാർ വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ ആരോപിച്ചു.

click me!