കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി പക്ഷം; ലീഗിൽ അച്ചടക്ക സമിതി, ലക്ഷ്യമിടുന്നത് ആരെ ?

By Web TeamFirst Published Sep 14, 2022, 6:15 PM IST
Highlights

ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

മലപ്പുറം : മുസ്ലീം ലീഗില്‍ കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി പക്ഷം. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

എല്‍‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ കെ.എം ഷാജിക്കെതിരായ നീക്കനമെന്നാണ് വിലയിരുത്തല്‍. കെഎസ് ഹംസയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഷാജി നടത്തുന്ന പ്രസംഗങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്നായിരുന്നു ഇന്ന് ചില നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം. പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതാക്കൾക്ക് തിരിച്ചടിയാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. വിദേശത്തായതിനാല്‍ ഷാജി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 

സംഘടനയില്‍ അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്ത് പരസ്യപ്രതികരണം നടത്തുന്നവരുടെ മുനയൊടിക്കുക കൂടിയാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ലീഗ് മുന്നണി വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പിഎംഎ സലാം പറഞ്ഞു. 

ആദ്യ ഇര കെഎസ് ഹംസ, ഇനിയാര് ?

നേരത്തെ കുഞ്ഞാലിക്കുട്ടി ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എന്ന് ചോദിച്ച കെഎസ് ഹംസയ്ക്കെതിരെ ലീഗ് നടപടിയെടുത്തിരുന്നു. സംസ്ഥാന സെക്രട്ടറി . നിർവ്വാഹകസമിതി അംഗത്വം തുടങ്ങിയ എല്ലാ പദവികളിൽ നിന്നും ഹംസയെ നീക്കം ചെയ്തു. തുടർച്ചയായ അച്ചടക്കലംഘനമാണ് കാരണമായി അന്ന് പറഞ്ഞത്. അന്ന് കെഎം ഷാജി, പികെ ബഷീ‍ർ എന്നിവർക്കെതിരെയും കുഞ്ഞാലിക്കുട്ടി നടപടി ആവശ്യപ്പെടിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് അച്ചടക്കസമിതിയെന്ന നിർദ്ദേശത്തിലേക്ക് എത്തിയത്. 

click me!