മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ വൻ ധൂർത്ത്: 25 വർഷത്തേക്ക് ടെന്നിസ് ക്ലബ് അംഗത്വത്തിന് മുടക്കിയത് 19 ലക്ഷം രൂപ; ആരോഗ്യവകുപ്പ് അന്വേഷണം

Published : Jul 18, 2026, 09:45 AM IST
KMSCL

Synopsis

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) 19 ലക്ഷം രൂപയുടെ പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം എടുത്ത സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കോർപ്പറേഷൻ ചെയർമാന്റെ നിർദ്ദേശപ്രകാരം നടന്ന ഈ ഇടപാട് വൻ വിവാദമായതോടെയാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ ലക്ഷങ്ങൾ മുടക്കി കോർപ്പറേറ്റ് അംഗത്വം നേടിയതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കോവിഡ് മഹാമാരിയിലൂടെയും കടന്നുപോയ ഘട്ടത്തിൽപ്പോലും, വൻതുക നൽകി കോർപ്പറേഷൻ ഈ ക്ലബ്ബ് അംഗത്വം നിലനിർത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 19 ലക്ഷം രൂപ ചെലവഴിച്ച് എടുത്ത ഈ അംഗത്വത്തിന്റെ നിർണായക രേഖകൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുക്കാൻ ഉണ്ടായ സാഹചര്യം എന്തെന്നത് ദുരൂഹമാണ്. 25 വർഷത്തേക്കാണ് കെ.എം.എസ്.സി.എൽ ടെന്നീസ് ക്ലബ്ബിൽ ഈ കോർപ്പറേറ്റ് അംഗത്വം സ്വന്തമാക്കിയത്. കോർപ്പറേഷൻ ചെയർമാനായിരുന്ന രാജീവ് സദാനന്ദന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ ക്ലബ്ബ് അംഗത്വമെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വിനോദ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനത്തിന്റെ ഫണ്ട് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത് വൻ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ആശുപത്രികളിൽ മരുന്നും മെഡിക്കൽ സാമഗ്രികളും എത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനം, കോവിഡ് പ്രതിസന്ധിക്കാലത്ത് പോലും ഈ ആഡംബര അംഗത്വത്തിനായി പണം ഒഴുക്കിയത് കടുത്ത ധൂർത്താണെന്ന ആക്ഷേപമാണ് ഉയരുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഈ കോർപ്പറേറ്റ് അംഗത്വത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി
ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്‍റെ ആത്മഹത്യ; പ്രതിഷേധ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ, 'പൊലീസ് ഷീൽഡും ഹെൽമെറ്റും നശിപ്പിച്ചു'