
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശികയായ ക്ഷാമബത്ത മുഴുവനായി നൽകുമെന്നും മാർച്ചിലെ ശമ്പളത്തോടൊപ്പം 10 ശതമാനം ഗഡു അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്നും വലിയ പിന്തുണയാണ് ഇതിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെയും കേരള സ്റ്റോറി 2 സിനിമക്കെതിരെയും ധനമന്ത്രി രംഗത്തെത്തി.
തൊഴിലുറപ്പ് തൊഴിലാളികൾക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായി സി.എ.ജി (CAG) റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് സംസ്ഥാനം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹാസത്തോടെയാണ് മന്ത്രി നേരിട്ടത്. "ഖജനാവിൽ പെറ്റുകിടക്കുന്ന സതീശന്റെ പൂച്ചകൾ ഭാഗ്യവാന്മാരാണ്, കാരണം രണ്ട് ലക്ഷം കോടി രൂപയുടെ ഖജനാവിലാണ് അവ കിടക്കുന്നത്" എന്ന് അദ്ദേഹം പരിഹസിച്ചു.
കേരള സ്റ്റോറി 2-വിനെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉയർത്തി. അങ്ങേയറ്റം തെറ്റായ വിവരങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വർഗീയത പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നതാണ് കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഇത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിന്റെ മതേതര സ്വഭാവത്തെ തകർക്കാനും വിദ്വേഷം വളർത്താനുമുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam