മുഖ്യമന്ത്രിക്ക് നേരെയുള്ള വിമർശനത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സംസ്ഥാനത്തെ ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധവും പ്രഖ്യാപിച്ചു
മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉയർത്തിയ വിമർശനങ്ങളെ സ്വാഗതം ചെയ്ത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ രംഗത്ത്. മുഖ്യമന്ത്രി ആർ എസ് എസ് പ്രവർത്തകനെ നോമിനേറ്റ് ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ചതിനാണ് കെ എസ് യു പ്രസിഡന്റിനെ ഒറ്റപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ എസ് യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥിതി ഇതാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ജിസ്മോൻ ചോദിച്ചു. തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വലിയ തോൽവിയുണ്ടായെന്നും ഈ തിരിച്ചടിയെ ഒന്നിച്ച് നേരിടണമെന്നാണ് ധാരണയെന്നും വ്യക്തമാക്കിയ അദ്ദേഹം, മുഖ്യമന്ത്രിസ്ഥാനം ത്യജിച്ചുപോലും എൽ ഡി എഫിനെ നിലനിർത്താൻ പരിശ്രമിച്ച ചരിത്രമാണ് സി പി ഐക്കുള്ളതെന്നും ഓർമ്മിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം പിടിവാശിയുടെ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധം
വയനാട് ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ദുരന്തബാധിതരെ വഞ്ചിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് റീത്ത് വെച്ച് പ്രതിഷേധിക്കുമെന്നും എ ഐ വൈ എഫ് സെക്രട്ടറി അറിയിച്ചു. വീട് വെച്ച് കൊടുക്കുമെന്ന് പറഞ്ഞ് ദുരന്തബാധിതരെ പാടെ പറ്റിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നും ടി ടി ജിസ്മോൻ വിശദീകരിച്ചു.
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോഡ് ഷെഡിങ്ങിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എ ഐ വൈ എഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാളെ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ വലിയ രീതിയിലുള്ള ധർണ സംഘടിപ്പിക്കും. ഇതിനുപുറമെ രാത്രി സമയങ്ങളിൽ വീടുകളിൽ മെഴുകുതിരി വെളിച്ചത്തിൽ അത്താഴം കഴിക്കുന്ന 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധവും സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അറിയിച്ചു.

