ബാനറും കൊടിയും വെച്ച് പൊതിച്ചോറ് വിതരണം പാടില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പദ്ധതി നിർത്തലാക്കില്ലെന്നും തുടരുമെന്നും സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് വ്യക്തമാക്കി.
തിരുവനന്തപുരം: ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ലെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ്. ഞങ്ങൾ പൊതിച്ചോറ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വി വസീഫ് പറഞ്ഞു. ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിർത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടർന്നുകൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതിയെന്നും വസീഫ് പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാൽ മതി. കൊടിയും ബാനറും വെക്കുന്നതിൽ എന്താ പ്രശ്നം. സർക്കാർ സംവിധാനം വരട്ടെ. എന്തിനാണ് ഞങ്ങളുടെ പദ്ധതിയെ തകർക്കാൻ നോക്കുന്നത്. ഞങ്ങൾക്ക് മറ്റു താല്പര്യങ്ങൾ ഇല്ല, പൊതിച്ചോറ് മുടങ്ങരുത്. ഞങ്ങൾ കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും മറ്റുള്ളവരും ഇത് മാതൃകയാക്കട്ടെയെന്നും വസീഫ് പറഞ്ഞു.
അതേസമയം, സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ദുഷ്ടബുദ്ധിയോടെയുള്ള നീക്കമാണ് സർക്കാരിന്റേത്. ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്നും വി കെ സനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രഖ്യാപനം.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജി സുധാകരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം, ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെയുള്ള ഒരു നീക്കമെന്ന നിലയിൽ രാഷ്ട്രീയ വ്യാഖ്യാനം കൂടി മന്ത്രിയുടെ പ്രഖ്യാപനത്തിനുണ്ട്. പൊതിച്ചോറിനെതിരെ വിമർശനം ഉന്നയിച്ച ജി സുധാകരൻ പിന്നീട് പരാമർശം മയപ്പെടുത്തുകയും ചെയ്തിരുന്നു.



