കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചു. അഡ്മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും സിടി സ്കാൻ എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചെന്നാണ് പരാതി. മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം.
കഠിന വേദനയെ തുടർന്ന് നടക്കാൻ കഴിയാത്ത കുട്ടിയെ അഡ്മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും സിടി സ്കാൻ എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. വീട്ടിലേക്ക് മടങ്ങിയ കുടുംബം കുട്ടിക്ക് വേദന മാറാത്തതിനാൽ പിറ്റേന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചു. അവിടെ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പൻഡൈറ്റിസ് പൊട്ടി ഇൻഫെക്ഷനായതായി കണ്ടെത്തി. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പിറ്റേ ദിവസം സർജറി നടത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കുട്ടിയുടെ കുടുംബം പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നൽകും.
