
തിരുവനന്തപുരം: ഒരിക്കൽ പിൻമാറിയ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യവുമായി വീണ്ടും മുസ്ലീം ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപികരിക്കണമെന്ന് കെ എൻ എ ഖാദർ നിയമസഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കൽ പ്രമേയമായാണ് ജില്ലാ വിഭജനം എന്നയാവശ്യം കെ എന്‍ എ ഖാദര്‍ ഉയര്‍ത്തിയത്. ജനസംഖ്യാനുപാതികമായ വികസനം ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം. ശൂന്യവേളയുടെ അവസാനം ശ്രദ്ധ ക്ഷണിക്കൽ സഭ പരിഗണിക്കും.
ഇതേ ആവശ്യവുമായി കെ എന്‍ എ ഖാദര്‍ നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലിം ലീഗും യുഡിഎഫും അനുമതി നിഷേധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ എന്‍ എ ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
ജില്ലാ വിഭജനം എന്ന ആവശ്യത്തിൽ യു ഡി എഫ് തീരുമാനമെടുത്തതോടെയാണ് കെ എന്‍ എ ഖാദര്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. നേരത്തെ വിഷയം ചർച്ചയായ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിൽ ശക്തമായ വാക് പോരുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടൻ മുഹമ്മദ് തുറന്നടിച്ചിരുന്നു. ഇക്കാര്യത്തെ പറ്റി കോണ്‍ഗ്രസോ യുഡിഎഫോ ആലോചിട്ടിച്ചില്ലെന്നും ആര്യാടൻ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയിരുന്നു.
പ്ലാന്‍ ഫണ്ട് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിഭജിക്കുക. അതിനാല്‍ മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. അതേസമയം ആര്യാടന്‍റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ശ്രദ്ധ ക്ഷണിക്കലിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ലീഗ് എംഎല്‍എ കെ എൻ എ ഖാദര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ സജീവമായി ഉയർത്തിയത് എസ്ഡിപിഐയാണ്. 2015-ൽ ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. ആവശ്യം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങിയതോടെ കോണ്‍ഗ്രസ് എതിര്‍പ്പുമായെത്തിയത്. ലീഗ് നീക്കം ഏകപക്ഷീയമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam