Latest Videos

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി

By Web TeamFirst Published Jun 25, 2019, 1:00 PM IST
Highlights

ഒരുമാസം നീണ്ടുനിൽക്കുന്ന തുടർസമരത്തിന്റെ ഭാ​ഗമായി ബുധനാഴ്ച്ച രാവിലെ കലൂർ മുതൽ പാലാരിവട്ടം വരെ റീത്തുമായി ബഹുജന മാർച്ച് നടത്തും. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ മന്ത്രിയും എം എൽ എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സമരപരമ്പരകൾക്ക് തുടക്കമിടുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന തുടർസമരത്തിന്റെ ഭാ​ഗമായി ബുധനാഴ്ച്ച രാവിലെ കലൂർ മുതൽ പാലാരിവട്ടം വരെ റീത്തുമായി ബഹുജന മാർച്ച് നടത്തും. 

എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പാലം  അഴിമതികൾ യുഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമാക്കുക കൂടിയാണ് ഇടത് മുന്നണി. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ക്രമക്കേട് നടന്നെങ്കിൽ അതിനുത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നാണ്  ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. വിജിലൻസ് അന്വേഷണവും ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്.ഈ ഘട്ടത്തിലാണ് ഇടത് മുന്നണി ഇബ്രാഹിം കുഞ്ഞിന്‍റെ രാജി അടക്കം ആവശ്യപ്പെട്ട് തുടർ സമരം ആരംഭിക്കുന്നത്. പാലം പുതുക്കി പണിയാനുള്ള തുക  ഇബ്രാഹിം കുഞ്ഞിൽ നിന്ന്  ഈടാക്കണമെന്നാണ് ആവശ്യം. 

പാലാരിവട്ടം പാലം അഴിമതിക്ക് പുറമെ  ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നിർമ്മിച്ച കുണ്ടന്നൂർ നെട്ടൂർ പാലം അഴിമതിയിലും അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ വിഷയം യുഡിഎഫിനെതിരായ രാഷ്ട്രീയ  ആയുധമാക്കുകയാണ് ഇടത് ക്യാമ്പ്. ബുധനാഴ്ച്ച മുതൽ ഈ മാസം 30 വരെ പാലാരിവട്ടം പാലത്തിൽ തുടർ സമരപരമ്പരയാണ് ഇടത് മുന്നണി നടത്തുന്നത്. കുന്നുകരയിൽ നിന്ന് ലോംഗ് മാർച്ചും തീരുമാനിച്ചിട്ടുണ്ട്. പാലം ക്രമക്കേടിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ചൊവ്വാഴ്ച്ച ധർണ്ണനടത്തി. 

click me!