RSS വേദിയില്‍ KNA ഖാദര്‍:'പ്രവൃത്തി വിവാദം സൃഷ്ടിച്ചതു കൊണ്ടാണ് വിശദീകരണം ചോദിച്ചത്';സാദിഖലി തങ്ങള്‍

By Web TeamFirst Published Jun 23, 2022, 4:21 PM IST
Highlights

ലീഗുകാർ എവിടെ പോകണം ,പോകണ്ട എന്നതിൽ അലിഖിതമായൊരു ധാരണയുണ്ട്.ആർഎസ്എസുമായി സഹകരിക്കാനാകില്ല.വെറുപ്പിന്‍റെ  രാഷ്ട്രീയവുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും സാദിഖലി തങ്ങൾ

കോഴിക്കോട്; ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍ എ ഖാദറിന്‍റെ നിലപാട് തള്ളി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിബാഹ് തങ്ങള്‍ രംഗത്ത്.ഖാദറിന്റെ പ്രവൃത്തി വിവാദം സൃഷ്ടിച്ചതു കൊണ്ടാണ് വിശദീകരണം ചോദിച്ചത്.ഖാദർ വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷ..ലീഗുകാർ എവിടെ പോകണം പോകണ്ട എന്നതിൽ അലിഖിതമായൊരു ധാരണയുണ്ട്.ആർഎസ്എസുമായി സഹകരിക്കാനാകില്ല.വെറുപ്പിന്‍റെ  രാഷ്ട്രീയവുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും സാദിഖലി തങ്ങൾ ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു.

ഖാദർ ഉയർത്തിയത് ഭാരത സംസ്കാരം, ലീഗ് പുറത്താക്കിയാലും അനാഥനാകില്ല: അബ്ദുള്ളക്കുട്ടി

 

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ വിമർശനം നേരിടുന്ന മുൻ എംഎൽഎ കെഎൻഎ ഖാദറിനെ  ഒപ്പം നിർത്താനുള്ള കരുനീക്കവുമായി ബിജെപി. ഭാരതീയ സംസ്കാരമാണ് കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലടക്കം പ്രാധാന്യമുള്ള വ്യക്തിയാവാൻ ഖാദറിനാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. മുസ്ലീം ലീഗ് കെഎൻഎ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ - 

ഭാരത സംസ്കാരമാണ് കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലുൾപ്പെടെ പ്രാധാന്യം ഉള്ള വ്യക്തിയാകാൻ ഖാദറിന് കഴിയും. മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട, ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ല. വേദങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഖാദർ. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല.  മുസ്ലീം ലീഗ് തീവ്ര ഗ്രൂപ്പുകൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. കെഎൻഎ ഖാദറിനെതിരെ മുസ്ലീം തീവ്ര ഗ്രൂപ്പുകൾ അനാവശ്യ വിവാദമാണ് ഉയർത്തുന്നത്..

അതേസമയം കെ.എൻ.എ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ലെന്നും കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കെ.എൻ.എ ഖാദർ എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ലീഗ് ഖാദറിനെതിരെ നടപടി എടുത്താൽ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ് അതിലൂടെ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞ എംടി രമേശ് ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന് അർത്ഥമില്ലെന്നും വ്യക്തമാക്കി. 

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കാർ ആരെങ്കിലും വിളിച്ചാൽ പോകേണ്ടവര്‍ അല്ലെന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാല്‍ താന്‍ പങ്കെടുത്തത് സാംസ്കാരിക സമ്മേളനത്തിലെന്നാണ് കെഎന്‍എ ഖാദറിന്‍റെ നിലപാട്.

മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെഎൻഎ ഖാദറായിരുന്നു. പ്രചാരണത്തിനിടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഖാദർ സന്ദർശനം നടത്തുകയും കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു. 

 

click me!