കൊച്ചി അപകടം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

Published : Feb 10, 2023, 03:03 PM ISTUpdated : Feb 10, 2023, 03:06 PM IST
കൊച്ചി അപകടം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

Synopsis

എം ഡി എം എ ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി 

കൊച്ചി: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.

കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിൻ സ്വദേശി ആന്‍റണി (46) തത്ക്ഷണം മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം. 

അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ. കേസ് പരിഗണിക്കുന്നതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി തുറന്ന മുറിയിൽ കണ്ടു. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്ന് കോടതി വിലയിരുത്തി.

ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത കണ്ടിട്ടും നടപടി എടുത്തില്ലെന്ന് കോടതി ചോദിച്ചു. അമിത വേഗതയും അപകടവും ഉണ്ടാക്കുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി വേണം. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ  ഡിസിപി യ്ക്ക് കോടതി നിർദ്ദേശം നൽകി.

നഗരത്തിൽ ഓവർ ടേക്കിംങ് പാടില്ലെന്നതടക്കം നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്ന് ഡി സി പി വ്യക്തമാക്കി. എം ഡി എം എ ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു. സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.

റോഡ് സേഫ്റ്റി സംവിധാനത്തിന്റെ പരാജയം കൂടിയാണ് അപകടം പെരുകാൻ കാരണമെന്ന് കോടതി വിമർശിച്ചു. കൊച്ചിയിൽ ഇന്ന് ഉണ്ടായ മരണത്തിന് കാരണം സ്വകാര്യ ബസ് ഡ്രൈവറാണെന്ന് ഈ സമയത്ത് ഡിസിപി പറഞ്ഞു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയ കോടതി, ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും