ഭക്ഷണവും വെള്ളവും നല്‍കിയില്ല, പരാതിപ്പെട്ട അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; കൊച്ചിയിലെ മാനേജർ അറസ്റ്റില്‍

By Web TeamFirst Published Apr 1, 2020, 8:40 PM IST
Highlights

ഭക്ഷണം ,വെള്ളം, വേതനം എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന് തൊഴില്‍  വകുപ്പില്‍ പരാതി പറഞ്ഞു എന്ന കാരണം പറഞ്ഞാണ് ഉടമ തൊഴിലാളിയെ മര്‍ദ്ദിച്ചത്.  

കൊച്ചി: ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച കമ്പനി മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ബ്രൈറ്റ് ഏജന്‍സിയുടെ കീഴില്‍ കമ്പനി മാനേജരില്‍ നിന്നും തൊഴിലുടമയില്‍ നിന്നും മര്‍ദ്ദനമേറ്റത്. തൊഴില്‍  വകുപ്പില്‍ പരാതി പറഞ്ഞു എന്ന കാരണം പറഞ്ഞാണ് ഉടമ തൊഴിലാളിയെ മര്‍ദ്ദിച്ചത്.  

ഭക്ഷണം ,വെള്ളം, വേതനം എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന്  എറണാകുളം രണ്ടാം  സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍  അഭി സെബാസ്റ്റ്യന്‍  ഇടപെട്ട് തൊഴിലാളിക്ക്  ഭക്ഷണവും ശമ്പളവും നല്‍കുവാന്‍  മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തൊഴില്‍  വകുപ്പില്‍ പരാതി പറഞ്ഞു എന്ന കാരണം പറഞ്ഞാണ് ഉടമ തൊഴിലാളിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

മര്‍ദ്ദനമേറ്റ്  പരിക്ക് പറ്റിയ തൊഴിലാളി ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു. തുടര്‍ന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)വി.ബി. ബിജുവിന്റെ  നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പൊലീസില്‍  പരാതി നല്‍കുകയും  സെക്യൂരിറ്റി ഏജന്‍സി  മാനേജരെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുത്ത് എറണാകുളം എളമക്കര പൊലീസ് അറസ്റ്റ് ചെയുകയും  ചെയ്തു.

click me!