ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ പ്രതികരണം.

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ പികെ ശശി പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ഇന്നു വൈകീട്ട് നടക്കുന്ന ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ വിശദീകരണം. അതേസമയം, ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. 

Add Asianetnews as a Preferred SourcegooglePreferred

കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായിരുന്ന പികെ ശശിയെ പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തരം താഴ്ത്തിയിരിക്കുകയാണ്. അതിനു ശേഷം കഴിഞ്ഞ രണ്ടു വർഷമായി ശശി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. സിപിഎമ്മുമായി അകന്നു നിൽക്കുന്ന പികെ ശശി ഉൾപ്പെടെയുള്ള നേതാക്കൾ വിഡി സതീശൻ്റെ ജാഥ പാലക്കാട് എത്തുമ്പോൾ യുഡിഎഫിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്തനായി മത്സരിപ്പിച്ചേക്കുമെന്ന സൂചന സജീവമായിരിക്കെ എംവി ഗോവിന്ദൻ്റെ ജാഥ മണ്ണാർക്കാട് എത്തുമ്പോൾ അദ്ദേഹം പങ്കെടുക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരിക്കുന്നത്. തന്നെ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെടുക്കണം എന്നതുൾപ്പെടെ സിപിഎമ്മിന് മുന്നിൽ വെച്ച ചില വ്യവസ്ഥകൾ അംഗീകരിച്ചാൽ ശശി എൽഡിഎഫ് ജാഥക്കെത്തുമെന്നായിരുന്നു അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാഥയുടെ ഭാഗമാകില്ലെന്ന് പികെ ശശി അറിയിച്ചിരിക്കുന്നത്. ജാഥയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് ശശിയുടെ നിലപാട്. 

അതേസമയം, നാളെ വിഡി സതീശൻ്റെ ജാഥ മണ്ണാർക്കാട് എത്തുമ്പോഴും ശശി പങ്കെടുക്കില്ല. താൻ യുഡിഎഫുകാരനല്ലല്ലോയെന്നാണ് ശശിയുടെ വിശദീകരണം. ശശി ഉൾപ്പെടെ ആര് പാർട്ടി വിട്ടാലും സിപിഎമ്മിനൊന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പാലക്കാട്ടെ സിപിഎം വിമതർ ചേർന്ന് രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗമാകുമോ ശശി എന്നതാണ് ഇനി ഉയരുന്ന ചോദ്യം. അടുത്തയാഴ്ച സിപിഎം വിമതരുടെ ജില്ലാ തല കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്.

പികെ ശശിയ്ക്കെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രം​ഗത്ത്

പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രം​ഗത്തെത്തി. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍റെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ എഫ്ബി പോസ്റ്റ്. സിപിഎമ്മിന്‍റെ മുൻനേതാക്കൾക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പി ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന് മുസ്ലീം ലീഗ് ഒറ്റപ്പാലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാദിഖും ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് ഹരിഗോവിന്ദനോട് കാണിക്കുന്ന നന്ദികേടാകുമെന്നും സാദിഖ് വ്യക്തമാക്കി. പികെ ശശിയെ ഒപ്പം നിർത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണെങ്കിലും കോൺ​ഗ്രസിലേക്ക് പോവുമോ എന്ന കാര്യത്തിൽ ശശി ഇതുവരെ മനസ് തുറന്നിട്ടില്ല.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming