ലൈഫ് മിഷൻ കേസ്: യുവി ജോസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി, നീണ്ടത് ഒൻപത് മണിക്കൂർ

By Web TeamFirst Published Oct 5, 2020, 9:16 PM IST
Highlights

ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരാണ് ജോസിന് പുറമെ സിബിഐ ഓഫീസില്‍ എത്തിയത്

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസിൽ ഹാജരായ ലൈഫ് മിഷൻ സിഇഒ യുവി ജോസ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരാണ് ജോസിന് പുറമെ സിബിഐ ഓഫീസില്‍ എത്തിയത്. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ സിബിഐ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു. ബാബുക്കുട്ടൻ നായരും അജയകുമാറും ഓഫീസിൽ നിന്ന് പുറത്തിറങ്ങി.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിക്കായി റവന്യു ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

അതിനിടെ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മലക്കം മറിഞ്ഞു. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തന്റെ മുൻ നിലപാട് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്.

click me!