
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊലപാതകത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ആശുപത്രി വിട്ട് വീട്ടിലെത്തി. യാതൊരു പ്രകോപനവുമില്ലാതെ അയൽവാസിയായ റിതു ജയൻ തന്നെയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നുവെന്ന് ജിതിൻ ഓർത്തെടുത്തു.
നാട്ടിൽ ഒരു ജോലി ലഭിച്ചാൽ മാത്രമേ 2 കുഞ്ഞുങ്ങളേയും കൊണ്ട് അല്ലലില്ലാതെ ജീവിക്കാനാകൂവെന്ന് ജിതിൻ പറയുന്നു. 4 മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ജിതിൻ തിരികെയെത്തുന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ശരീരം ചലിപ്പിക്കാനാകില്ലെങ്കിലും ഇന്നലെയെന്ന പോലെ ആ ദിവസം ഓർത്തെടുക്കുന്നു ജിതിൻ. കേരളത്തെ നടുക്കിയ കൂട്ടകൊലപാതകത്തിന്‍റെ വിറങ്ങലിക്കുന്ന നിമിഷങ്ങൾ.
ജനുവരി 15 നാണ് ചേന്ദമംഗലത്തെ വിട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയൽവാസിയായ റിതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പതിനൊന്നും ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ഭാര്യയെ ആക്രമിച്ചപ്പോൾ തടുക്കാൻ ശ്രമിച്ച ജിതിനെയും ഇരുമ്പു വടികൊണ്ട് അടിച്ചു. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജിതിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി റിതു വീട്ടിലേക്ക് പാഞ്ഞെത്തിയത്.
കൺമുന്നിൽ കണ്ടവരെയെല്ലാം ഇരുമ്പു വടി കൊണ്ട് അടിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ടത് ജിതിൻ മാത്രം. ആശുപത്രി ചെലവിന്‍റെ ഭൂരിഭാഗവും വഹിച്ചത് സ്ഥലം എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. രണ്ട് പെൺമക്കളുമായി ജീവിക്കാൻ നാട്ടിൽ ജിതിനൊരു ജോലി വേണം. ശരീരം പഴയതുപോലെയാകാൻ ചികിത്സയും തുടരണം. വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് ജിതിൻ. കേസ് അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam