
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വന്‍ ഭൂമി വിൽപന. ഭൂപരിഷ്കരണ നിയമത്തെ നോക്കുകുത്തിയാക്കിയാണ് കോട്ടത്തറ വില്ലേജിൽ വീണ്ടും ഭൂമി വിൽപന നടന്നിട്ടുള്ളത്. മൂപ്പിൽ നായര്‍ കുടുംബം 386.82 ഏക്കര്‍ കൂടി വിറ്റു. മൂന്ന് ദിവസങ്ങളിലായി 40 ആധാരങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. കൂടുതൽ കൈമാറ്റവും പത്ത് ഏക്കര്‍ വീതമുള്ളതാണ്. അട്ടപ്പാടി, തമിഴ്നാട് സ്വദേശികളുടെ പേരിലാണ് ഭൂമി പതിച്ചത്. കഴിഞ്ഞ വര്‍ഷം 578 ഏക്കര്‍ കുടുംബം വിറ്റിരുന്നു. ഇതിന്‍റെ പോക്കുവരവ് ഇതുവരെ റവന്യൂ വകുപ്പ് നടത്തിയിട്ടില്ല.
എന്നാല്‍, ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ആധാരങ്ങൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് അഗളി സബ് രജിസ്ട്രാറുടെ പ്രതികരണം. മൂപ്പില്‍ നായര്‍ കുടുംബം കഴിഞ്ഞ വര്‍ഷം 578 ഏക്കര്‍ ഭൂമി വിറ്റപ്പോൾ ആധാരം എഴുത്ത് അസോസിയേഷൻ പരാതി നൽകിയിരുന്നു. നവംബറില്‍ നൽകിയ പരാതിയെ തുടര്‍ന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴും ഈ അന്വേഷണം തുടരുന്നുണ്ട്.