
കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 281, 106 (1) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ, അശ്രദ്ധമൂലം കൊല്ലപ്പെടൽ എന്നീ വകുപ്പുമാണ് കേസിലുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. KL 46 F 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണൻ്റെ ബന്ധുക്കൾ രംഗത്തെത്തി.
ലൈസൻസ് ഇല്ലാതെ മകനെ എന്തിന് വണ്ടി ഓടിക്കാൻ കൊടുത്തു എന്ന ചോദ്യത്തിന് "ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെന്ന്" അഡി. ജഡ്ജി പറഞ്ഞെന്ന് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം പറയുന്നു. കേസുമായി മുന്നോട്ടു പോകുമെന്നും ബന്ധു ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് പുലർച്ചെ 2.20നാണ് അപകടം ഉണ്ടായത്. 55 വയസുള്ള ജയ ബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. തട്ടുകട നടത്തുന്ന ആളാണ് ജയ ബാലകൃഷ്ണൻ. കച്ചവടം കഴിഞ്ഞു കട അടച്ചു വീട്ടിലേക്ക് പോവുകയായിരുന്ന ജയ ബാലകൃഷ്ണൻ്റെ സ്കൂട്ടറിന് പിന്നിൽ കാറിടിക്കുകയായിരുന്നു. വാഹനം അമിത വേഗത്തിൽ ആയിരുന്നുവെന്നും കുടുംബം പറയുന്നു. അപകട ശേഷം വാഹനം നിർത്താതെ പോകാനാണ് 17 കാരൻ ശ്രമിച്ചത്. മറ്റു വഴി ഇല്ലാത്തത് കൊണ്ടാണ്, 17 കാരൻ അവിടെ കുടുങ്ങിയതെന്നും കുടുംബം പറഞ്ഞു.
പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത അല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് ചേരാനല്ലൂർ സിഐ ശ്യാം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതി മദ്യപിച്ചിട്ടില്ല. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷം ആയിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും സിഐ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam