വടത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്‍റെ മരണം പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ; വീഴ്ചയില്ലെന്ന് കമ്മീഷണർ

Published : Apr 15, 2024, 11:50 AM IST
വടത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്‍റെ മരണം  പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ; വീഴ്ചയില്ലെന്ന് കമ്മീഷണർ

Synopsis

പ്രധാനമന്ത്രിക്ക് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ ആണ് ഏർപ്പെടുത്തിയിരുന്നതെന്ന് കൊച്ചി കമ്മീഷണർ

കൊച്ചി: ബൈക്ക് യാത്രികൻ റോഡിന് കുറുകെ കെട്ടിയ വടത്തിൽ കുരുങ്ങി മരിച്ച  സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎൽഎ. ഒരു മുൻകരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയർ കെട്ടിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് റോഡിൽ  സുരക്ഷാ വടം കെട്ടിയത്. കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി  മനോജ്‌ ഉണ്ണിയാണ് മരിച്ചത്.

അതേസമയം പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ ആണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ്‌ ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഈ ആരോപണം മനോജിന്‍റെ സഹോദരി ചിപ്പി നിഷേധിച്ചു. പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു. 

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം; 'ഒരു റിബണെങ്കിലും കെട്ടാമായിരുന്നു', പൊലീസിനെതിരെ സഹോദരി

പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും ചിപ്പി പറഞ്ഞു. രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു